‘പിണറായിയും കൂട്ടരും കൊണം വരാതെ പോകണേ’: പ്‌രാകി പ്‌രാകി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി; വീഡിയോ കണ്ട് കൊന്നുകൊല വിളിച്ച് സോഷ്യല്‍ മീഡിയ

single-img
20 October 2017

https://www.youtube.com/watch?time_continue=90&v=9yh7WsO3jws

‘രണ്ട് വര്‍ഷമായി ഭരിച്ച് കേരളം മുടിച്ചുതന്ന പിണറായിയും കൂട്ടരും കൊണം വരാതെ പോകണേ’….. ‘തെരഞ്ഞെടുപ്പ് വന്നാലും നീയും നിന്റെ പാര്‍ട്ടിയും കൊണം വരാതെ പോകണേ’…. ബിജെപിയുടെ പ്രാക്ക് മുദ്രാവാക്യങ്ങളിലെ ഹൈലൈറ്റ് വാചകങ്ങളാണ് ഇത്. ഇത്ര വ്യത്യസ്തതയാര്‍ന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കാന്‍ ലോകത്ത് മറ്റൊരുപാര്‍ട്ടിക്കും ഇതുവരെ സാധിച്ചിട്ടില്ല.

ബിജെപി ഐടി സെല്‍ പത്തനംതിട്ടയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിട്ടുള്ള വീഡിയോയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിക്കും സിപിഎമ്മിനുമെതിരെ ശാപവാക്കുകള്‍ ഉരുവിടുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയും ചെയ്തു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ പ്രാകി കേരള സര്‍ക്കാറിനെ പുറത്തിറക്കാനുള്ള വജ്രായുധമാണ് ബിജെപിക്ക് ലഭിച്ചതെന്നാണ് ട്രോളന്മാരുടെ വിലയിരുത്തല്‍. കാല്‍നടയാത്രയിലൂടെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയാതിരുന്ന ബിജെപിക്ക് ഇത്തരം നുറുങ്ങുവിദ്യകളിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചുവെന്നും പരിഹാസം നീളുന്നു.

ഇതാദ്യമായല്ല ബിജെപി അണികള്‍ മുദ്രാവാക്യങ്ങള്‍ കൊണ്ട് ശ്രദ്ധനേടിയെടുക്കുന്നത്. നേരത്തെ സിപിഎം നേതാവ് പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി ജനരക്ഷായാത്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒറ്റക്കൈയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല എന്നൊക്കയായിരുന്നു ബിജെപി അണികളുടെ സംസ്‌കാരം വിളിച്ചോതിയ മുദ്രാവാക്യങ്ങള്‍.