ആംബുലന്‍സിന്റെ വഴിതടഞ്ഞതല്ല; പൈലറ്റ് പോയതെന്നു കാര്‍ ഡ്രൈവറുടെ വിചിത്ര മൊഴി; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

single-img
20 October 2017

കൊച്ചി: പെരുമ്പാവൂരില്‍ നിന്നും അത്യാസന്നനിലയില്‍ പിഞ്ച് കുഞ്ഞുമായി പുറപ്പെട്ട ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച കാര്‍ യാത്രികനെ പോലീസ് പിടികൂടി. ആലുവ ഡി.വൈ.എസ്.പി. ഓഫീസിനു സമീപം പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിനെ(28)തിരേയാണു പോലീസ് കേസെടുത്തത്.

ആംബുലന്‍സിനു പൈലറ്റ് പോയതാണെന്നാണു നിര്‍മല്‍ ജോസ് പൊലീസിനു മൊഴി നല്‍കിയത്. മറ്റു വാഹനങ്ങള്‍ ആംബുലന്‍സിനു മുന്നില്‍ തടസമാകാതിരിക്കാനായിരുന്നു ശ്രമമെന്നും ഇയാള്‍ മൊഴി നല്‍കി. അതേസമയം, സംഭവത്തില്‍ നിര്‍മലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.

ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നു പോയ ആംബുലന്‍സിനെ കാര്‍ ഡ്രൈവര്‍ കടത്തിവിട്ടിരുന്നില്ല.

ആംബുലന്‍സിന് സൈഡ് നല്‍കാതെ കാര്‍ അമിത വേഗത്തില്‍ പായുന്ന വീഡിയോ ആംബുലന്‍സിലിരുന്നയാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ആംബുലന്‍സ് ഡ്രൈവറുടെ വിശദീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് നടപടിയുണ്ടായത്. സാധാരണ 15 മിനിറ്റിനുള്ളില്‍ കളമശേരിയില്‍ എത്താറുള്ള ആംബുലന്‍സ് ഇതുകാരണം 35 മിനിറ്റ് കൊണ്ടാണ് എത്തിയത്.