അന്തരീക്ഷ മലിനീകരണത്താല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം ജീവന്‍ നഷ്ടപ്പെടുന്നത് 25 ലക്ഷം പേര്‍ക്കെന്ന് പഠനം

single-img
20 October 2017

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്താല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം ജീവന്‍ നഷ്ടപ്പെടുന്നത് 25 ലക്ഷം പേര്‍ക്കെന്ന് പഠനം. ലോകത്ത് മലിനീകരണം മൂലം 2015ല്‍ മരിച്ചത് 90 ലക്ഷം പേരാണെന്നും പഠനത്തില്‍ പറയുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്‌ട്രോക്ക്, ശ്വാസ കോശ ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ മൂലമാണ് അധികം ആളുകളും മരിക്കുന്നത്.

വികസ്വര രാജ്യങ്ങളാണ് അന്തരീക്ഷ മലിനീകരണത്തില്‍ മുന്നിലെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു. ആഗോള വല്‍കരണവും തുടര്‍ന്ന് ജനങ്ങളുടെ ജീവിത സാഹചര്യത്തിലുണ്ടായ മാറ്റവുമാണ് അന്തരീക്ഷ മലിനീകരണം ഉയരാന്‍ കാരണം.

പ്രകൃതിയെ ചൂഷണം ചെയ്ത് പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നതും മലീനീകരണ തോത് കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പരിസ്ഥിതി മലീമസമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് പഠനം.

ഇതിന്റെ തോത് കൂടുതലായും ഇടത്തരം വരുമാന രാജ്യങ്ങളിലും, വളരെ വേഗത്തില്‍ വ്യവസായ വത്കരണം നടക്കുന്ന ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മഡഗാസ്‌കര്‍ പോലുള്ള രാജ്യങ്ങളിലുമാണെന്ന് പഠത്തില്‍ പറയുന്നു.

മലിനീകരണം പ്രകൃതിക്ക് മറ്റെന്തിനേക്കാളും വലിയ ഭീക്ഷണിയാണെന്നും, മനുഷ്യ വംശത്തിന് തന്നെ പ്രശ്‌നമായി ഭവിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ അമേരിക്കയിലെ മൗണ്ട് സിനായ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം പ്രൊഫസര്‍ ഫിലിപ്പ് ലാണ്‍ഡ്രിഗന്‍ പറഞ്ഞു. 2015ല്‍ ലോകത്ത് നടന്ന 9 ദശ ലക്ഷം മരണങ്ങളും മലിനീകരണത്തിലൂടെ മാത്രമാണെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്.

ഇതില്‍ 6.5 ദശലക്ഷം പേരും മലിനമായ വായു മൂലവും, 1.8 ദശലക്ഷം ജലമലിനീകരണവും മൂലമാണ് മരിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു 2015ല്‍ മാത്രം ഇന്ത്യയില്‍ മലീനീകരണം മൂലം മരിച്ചത് 2.5 ദശലക്ഷം പേരായിരുന്നു. അതേസമയം ചൈനയില്‍ ഇത് 1.8 ദശലക്ഷം മാത്രമായിരുന്നു പഠനത്തില്‍ സൂചിപ്പിക്കുന്നു. ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ബിസിനസ്സ് സ്റ്റഡീസിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത് വിവിധ രാജ്യങ്ങളില്‍ നിന്നുമുളള 40 ശാസ്ത്രഞ്ജര്‍ ആണ്.