മയക്കുമരുന്ന് നല്‍കി സംവിധായകന്‍ ബലാത്സംഗം ചെയ്തു; നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ യുവനടി

single-img
20 October 2017

സിനിമാലോകത്ത് ഇപ്പോള്‍ തുറന്നുപറച്ചിലുകളുടെ കാലമാണ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തങ്ങള്‍ നേരിട്ടിട്ടുള്ള അനുഭവത്തെക്കുറിച്ച് തുറന്ന പറഞ്ഞ് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തിയത്.

മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമെല്ലാം സമാന രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഹോളിവുഡിലെ മുന്‍നിര സംവിധായകന്‍ തന്നെ മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ നടി ആസിയ അര്‍ജെന്റോയാണ് രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് ഇരുപത്തിയാറു വയസു പ്രായമുള്ളപ്പോഴാണ് സൂപ്പര്‍ സംവിധായകന്റെ പീഡനത്തിന് ഇരയായതെന്ന് നടി പറയുന്നു. ഹാര്‍വി വെയ്ന്‍സ്റ്റെയ്‌ന് എതിരായ ലൈംഗിക ആരോപണത്തിനു പിന്നാലെയുണ്ടായ ഈ വെളിപ്പെടുത്തല്‍ ഹോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയെങ്കിലും ആരാണ് ആ സംവിധായകനെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇയാളെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളൊന്നും താന്‍ വ്യക്തമാക്കുന്നില്ലെന്നും അതു ചെയ്യുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജെന്റോ ട്വീറ്റ് ചെയ്തു.

മീടൂ എന്ന ഹാഷ്ടാഗില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ തുറന്നുപറച്ചില്‍ നടത്തുന്നത് ട്രെന്‍ഡ് ആവുന്നതിനിടയിലാണ്, ഇറ്റാലിയന്‍ നടിയുടെ പുതിയ വെളിപ്പടുത്തല്‍. നേരത്തെ വെയ്ന്‍സ്റ്റെയ്‌ന് എതിരെയും ആസിയ അര്‍ജെന്റോ ആരോപണം ഉന്നയിച്ചിരുന്നു.

ഇറ്റലിയിലും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അര്‍ജെന്റോ പറഞ്ഞു. പതിനാറു വയസുള്ളപ്പോഴായിരുന്നു അത്. സിനിമാ ചര്‍ച്ചയ്ക്കിടെ നടന്‍ കൂടിയായ ഇറ്റാലിയന്‍ സംവിധായകന്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.