Latest News

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം: നവംബര്‍ ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ പ്രത്യേക സഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അടുത്തമാസം ഒന്‍പതിനാകും പ്രത്യേക സമ്മേളനം ചേരുക. നിയമസഭ വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സോളാര്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ സഹായം തേടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് സഭയില്‍ വച്ചശേഷമേ പുറത്തുവിടൂവെങ്കില്‍ ഒരു ദിവസത്തേക്ക് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സഭാചട്ടം അനുസരിച്ച് മേശപ്പുറത്ത് വയ്ക്കുന്ന രേഖകള്‍ അന്നുതന്നെ സര്‍ക്കാരിന്റെയും നിയമസഭയുടെയും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

ഇതോടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പൂര്‍ണ്ണമായും പൊതുസമൂഹത്തിന് ലഭ്യമാകും. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഉടന്‍ സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിവരാവകാശ നിയമപ്രകാരവും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടില്‍ നിയമവിദഗ്ധരും വിവരാവകാശ പ്രവര്‍ത്തകരും ഇടപെട്ടതോടെ അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന ബോധ്യം സര്‍ക്കാരിനുമുണ്ട്.

റിപ്പോര്‍ട്ട് നിയമസഭയിലെ വയ്ക്കൂ എന്ന സര്‍ക്കാരിന്റെ വാശിയും വിജയിക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കാതെ രക്ഷയില്ല. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയില്‍ വയ്ക്കണമെന്നാണ് ചട്ടം.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്റെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ആഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ടത്.

കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ ജയിലില്‍നിന്ന് അയച്ച കത്തില്‍ പേരുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായിരുന്നു. പെട്ടെന്നുണ്ടായ സര്‍ക്കാര്‍ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പകച്ചുപോയെങ്കിലും തൊട്ടുപിന്നാലെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കോടതിയെ സമീപിക്കാന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.