National

മോദി സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ വിവാദം: മുഖ്യമന്ത്രിയായിരിക്കെ നടത്തിയ വിദേശ യാത്രകള്‍ക്ക് 16 കോടി രൂപ ആര് നല്‍കിയെന്ന ചോദ്യത്തിന് മോദിക്ക് മൗനം

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ യാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് ബിജെപിക്ക് പ്രതികരണമില്ല. മോദി സര്‍ക്കാരിനെ വെട്ടിലാക്കിയ പുതിയ വിവാദം ആളികത്തുകയാണ്.

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ അര്‍ജുന്‍ മോധ്വാദിയ വിവരാവകാശ പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് ഉയര്‍ത്തിയാണ് മോദിക്കെതിരെ തെളിവുകള്‍ നിരത്തിയത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മോദി 100 തവണ പോയിട്ടുണ്ടെന്നും ഇതിനായി 16.56 കോടിരൂപ ചിലവായെന്നും വിവരാവകാശ രേഖ പറയുന്നുണ്ട്.

2007ജൂലൈയില്‍ സ്വിറ്റ്‌സലര്‍ലാന്റ്, 2007 ജൂണില്‍ ദക്ഷിണ കൊറിയ, 2007 ഏപ്രിലില്‍ ജപ്പാന്‍, 2006 നവംബറില്‍ ചൈന എന്നിവിടങ്ങളിലേക്ക് മോദി നടത്തിയ യാത്രകള്‍ രാജ്യത്തെ പ്രമുഖ കുത്തക കമ്പനികള്‍ക്കൊപ്പമാണെന്നും മോധ്വാദിയ പറഞ്ഞു.

നിയമപ്രകാരം ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ 500 രൂപയുടെ മുകളില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം. യാത്രകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ ആര് നല്‍കിയെന്ന് മോദി വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.

ഗുജറാത്ത് സര്‍ക്കാരോ ബി.ജെ.പിയോ ഇതിനായി പണം ചിലവഴിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. എന്തുകൊണ്ടാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇത്രയും കാലമായിട്ടും ഉത്തരം നല്‍കാത്തതെന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തോട് ബിജെപി ഇനിയും പ്രതികരിച്ചിട്ടില്ല. രാജ്യമാകെ വിഷയം ചര്‍ച്ചയാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.