24 കാരി വിജിലന്‍സ് സിഐ ചമഞ്ഞ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു: ഒന്നര വർഷത്തിനു ശേഷം തട്ടിപ്പു കേസിൽ പിടിയിൽ; ഞെട്ടൽ മാറാതെ ഭർത്താവും വീട്ടുകാരും

single-img
19 October 2017

വൈക്കം: വിജിലന്‍സ് സിഐ ചമഞ്ഞ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു നിരവധിപ്പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവതി പോലീസ് പിടിയിലായി. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹനന്റെ മകള്‍ ആഷിത (24) ആണ് പോലീസിന്റെ പിടിയിലായത്.

വിജിലന്‍സിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസറാണെന്ന് തെറ്റ് ധരിപ്പിച്ച് ഒന്നേകാല്‍ വര്‍ഷമായി ആഷിത പാലക്കാട് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു.
ഒരു കോഴ്‌സിന് ചേരുന്നുവെന്ന് കൂലിപ്പണിക്കാരായ അച്ഛനമ്മമാരേയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് അഷിത ഒന്നേകാല്‍ വര്‍ഷം മുമ്പ് നാടുവിടുന്നത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ തനിക്ക് തമിഴ്‌നാട്ടില്‍ വിജിലന്‍സില്‍ സിഐ ആയി ജോലി കിട്ടിയെന്ന് പ്രചരിപ്പിച്ച അഷിത പിന്നീട് തട്ടിപ്പ് തുടങ്ങുകയായിരുന്നു.

വീട്ടുടമയേയും പരിസരവാസികളേയും യാത്രചെയ്തിരുന്ന നാട്ടുകാരായ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയുമൊക്കെ ഇവര്‍ പൊലീസ് ഓഫീസറാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. കോയമ്പത്തൂരില്‍ ജോലിക്ക് പോകാന്‍ സൗകര്യമാണെന്ന് പറഞ്ഞ് പാലക്കാട്ടുതന്നെ താമസവും തുടര്‍ന്നു. മൂന്നുമാസം ട്രെയിനിംഗ് കഴിഞ്ഞെന്നും ജോലി സ്ഥിരമായെന്നുമെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ചു. അതോടെ നാട്ടുകാരും പാലക്കാട്ട് പരിചയക്കാര്‍ക്കുമെല്ലാം സിഐ മാഡവുമായി അഷിത.

പ്ലസ്ടു കഴിഞ്ഞ് ഒരു വര്‍ഷത്തെ ഡിപ്‌ളോമാ കോഴ്‌സ് ചെയ്ത യുവതിയാണ് ഇത്തരത്തില്‍ വലിയ തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയാണെന്ന് പ്രചരിപ്പിച്ച് വിവാഹാലോചനകളും തുടങ്ങി. കഴിഞ്ഞ സെപ്റ്റംബര്‍ 10നു തലയാഴം സ്വദേശിയും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ അഖില്‍. കെ. മനോഹറുമായി വിവാഹവും നടന്നു. ഇതിന് ശേഷവും തട്ടിപ്പൊന്നും പുറത്തുവരാത്ത രീതിയില്‍ പതിവു രീതിയിലായിരുന്നു പെരുമാറ്റം.

കഴിഞ്ഞ ദിവസം വിജിലന്‍സില്‍ ഇവരുടെ അസിസ്റ്റന്റായി നിയമനം നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ മൂന്നു ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച ആലത്തൂര്‍ സ്വദേശി സാന്റോ ആഷിതയെ അന്വേഷിച്ചെത്തി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
യുവാവിന് നല്‍കാനുള്ള പണം തിരിച്ചു നല്‍കാന്‍ ധാരണയായെങ്കിലും വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം യുവതിയുടെ മാതാപിതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അവരേയും ചോദ്യം ചെയ്തു. എന്നാല്‍ കൂലിപ്പണിക്കാരായ അവരെ നാട്ടുകാരെ പറഞ്ഞു പറ്റിച്ചതുപോലെ പറ്റിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആലത്തൂരുകാരനു പുറമെ നിരവധി പേരില്‍ നിന്ന് ഇവര്‍ ജോലി വാഗ്ദാനം നല്‍കി പണം വാങ്ങിയതായി പോലീസ് പറഞ്ഞു.