ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അമേരിക്കന്‍ ചെറുകഥാകൃത്ത് ജോര്‍ജ്ജ് സോന്‍ണ്ടേഴ്‌സിന്

single-img
18 October 2017

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അമേരിക്കന്‍ ചെറുകഥാകൃത്ത് ജോര്‍ജ്ജ് സോന്‍ണ്ടേഴ്‌സിന് ലഭിച്ചു. ‘ലിങ്കന്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന മുഴുനീള നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

യഥാര്‍ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ 11 വയസ്സുകാരന്‍ മകന്റെ മരണം പ്രമേയമാക്കുന്നു. നോവല്‍ മഹത്തായ വായനാനുഭവം സമ്മാനിക്കുന്നതായി ജൂറി വിലയിരുത്തി. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോന്‍ണ്ടേഴ്‌സ്. അന്‍പതിനായിരം ബ്രിട്ടീഷ് പൗണ്ടാണ് സമ്മാനത്തുക.

പോള്‍ ഓസ്റ്ററിന്റെ 4321, ഫിയോണ മോസ്ലിയുടെ എല്‍മെറ്റ്, മൊഹസിന്‍ ഹാമിദിന്റെ എക്‌സിറ്റ് വെസ്റ്റ്, എമിലി ഫ്രിദലിന്‍ഡിന്റെ ഹിസ്റ്ററി ഓഫ് വൂള്‍ഫ്, അലി സ്മിത്തിന്റെ ഓട്ടം എന്നിവയാണ് പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 144 നോവലുകളാണ് ഇത്തവണ മത്സരവിഭാഗത്തില്‍ എത്തിയത്.