Kerala

ജനരക്ഷായാത്രയെ ജനങ്ങള്‍ തള്ളിക്കളഞ്ഞു, സിംഹത്തെപ്പോലെ വന്ന അമിത് ഷാ എലിയെപ്പോലെ തിരിച്ചു പോയി: കോടിയേരി

തിരുവനന്തപുരം: കേരളത്തെ ഇപ്പോ രക്ഷിച്ചെടുക്കാം എന്നുപറഞ്ഞ് സിംഹത്തെപോലെ വന്ന ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എലിയെ പോലെ തിരിച്ചു പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന അമിത് ഷാ കാട്ടുപുലി പൊന്മാന്‍ ആകാന്‍ ശ്രമിക്കുന്നത് പോലെയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

വികസന കാര്യത്തില്‍ ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏത് സംസ്ഥാനവുമായി താരതമ്യം ചെയ്താലും കേരളം മുന്നിലായിരിക്കും. കൊലപാതക രാഷ്ട്രീയത്തിന്റെ ചേറില്‍ പൂണ്ടുകിടന്നിട്ട് സമാധാനത്തിന്റെ സുവിശേഷം പറയാനാണ് അമിത് ഷായുടെ ശ്രമം. സി.പി. എം അതിക്രമങ്ങളും കൊലപാതകങ്ങളും മാത്രമാണ് നടത്തുന്നതെന്ന് കൊട്ടിഘോഷിച്ച് ബി.ജെ.പി നടത്തിയ ജനരക്ഷായാത്രയെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. കേരളത്തെ അവഹേളിക്കുന്നതിനാണ് ബി.ജെ.പി ജനരക്ഷായാത്ര നടത്തിയതെന്നും കോടിയേരി പറഞ്ഞു.

അതിന്റെ ഭാഗമായി പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപമാനിച്ച് പല പ്രസ്താവനകളും നടത്തി. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയല്ല, മറിച്ച് ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളുമാണ്. 216 സി.പി.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസ് കൊലപ്പെടുത്തിയത്. ജാഥ നടക്കുന്നതിനിടെ 56 ഇടങ്ങളിലാണ് ആര്‍.എസ്.എസുകാര്‍ ആക്രമണം നടത്തിയത്. നിങ്ങള്‍ എന്ത് അക്രമവും നടത്തിയാലും കേന്ദ്രവും ഭരണവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് അക്രമികള്‍ക്ക് ബി.ജെ.പി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ജിഹാദികളുടെ താവളമാണെന്നുമൊക്കെ പ്രചരിപ്പിക്കുകയാണ്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്റെ മറ്റേ കൈയും വെട്ടുമെന്ന കൊലവിളി മുദ്രാവാക്യമാണ് ജനരക്ഷായാത്രയില്‍ കേട്ടത്. ഇങ്ങനെയൊക്കെയാണോ ബി.ജെ.പി കേരളത്തില്‍ സമാധാനം കൊണ്ടുവരുന്നതെന്നും കോടിയേരി ചോദിച്ചു. ഗോവ മുഖ്യമന്ത്രി പറഞ്ഞത് ഇവിടെ തെമ്മാടികളാണ് ഭരിക്കുന്നതെന്നാണ്.

ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രതികരണമാണോ അത്. അതും കടന്ന് അവരുടെ ദേശിയ നേതാവ് സരോജ് പാണ്ഡേ പറഞ്ഞത് കമ്മൂണിസ്റ്റുകാരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നാണ്. സംസ്ഥാനത്തിന്റേയും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും കോടിയേരി പറഞ്ഞു.