സോഷ്യൽ മീഡിയയിൽ ‘മീ ടൂ’ ഹാഷ് ടാഗ് തരംഗം; ക്യാമ്പയിനിലൂടെ സഹപ്രവര്‍ത്തകന്റെ ലൈംഗികാതിക്രമം വെളിപ്പെടുത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തക

single-img
18 October 2017

സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായുള്ള ഒരു ഹാഷ് ടാഗ് ക്യമ്പയിനാണ് ‘മീ ടു’ ഹാഷ് ടാഗ് ക്യമ്പയിന്‍. ഇതിനോടകം തന്നെ മീ ടു ക്യാമ്പയിന്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഏറ്റെടുത്തുകഴിഞ്ഞു.

താന്‍ നേരിട്ടിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം തീര്‍ക്കുന്നത്.

ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ‘മീറ്റൂ’ എന്ന തുറന്നുപറച്ചിലിന് തുടക്കംകുറിച്ചത്. ഇന്ത്യന്‍ വംശജയായ ബിബിസി പത്രപ്രവര്‍ത്തക രജിനി വൈദ്യനാഥന്റെ ഹാഷ്ടാഗ് വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. തന്റെ സഹപ്രവര്‍ത്തരില്‍നിന്ന് നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളെക്കുറിച്ചാണ് രജിനി തന്റെ മീറ്റു പോസ്റ്റില്‍ പറയുന്നത്.

വാഷിങ്ടണില്‍ പത്രപ്രവര്‍ത്തകയായിരിക്കെ, തന്നെക്കാള്‍ ഇരട്ടിയിലേറെ പ്രായവും കാമുകിയുമുള്ള സഹപ്രവര്‍ത്തകനില്‍ നിന്നുണ്ടായ ദുരനുഭവം രജനി വിവരിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങവെയാണ് സഹപ്രവര്‍ത്തകനുമൊത്ത് ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. നിന്നെക്കുറിച്ചോര്‍ക്കാതെ ഇരിക്കാനാവുന്നില്ലെന്നും കടുത്ത ലൈംഗികാകര്‍ഷണം തോന്നുന്നുവെന്നുമായിരുന്നു സഹപ്രവര്‍ത്തകന്റെ പ്രതികരണമെന്ന് രജനി പറയുന്നു.

മറ്റുവിഷയങ്ങള്‍ സംസാരിച്ച് സഹപ്രവര്‍ത്തകന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ തന്റെ സൗന്ദര്യത്തെയും ലൈംഗിക ദാഹത്തെയും കുറിച്ച് പറഞ്ഞുകൊണ്ടിരുന്നതായും രജനി പറയുന്നു. സഹപ്രവര്‍ത്തകന്റെ രീതിയെക്കുറിച്ച് പരാതി നല്‍കുന്ന കാര്യം അന്ന് ചിന്തിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം വന്നതോടെയാണ് തൊഴില്‍സ്ഥലത്തെ പീഡനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. തനിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ച സഹപ്രവര്‍ത്തകരെക്കുറിച്ചും രജനി വിശദീകരിക്കുന്നുണ്ട്.

വിവാഹിതനായ സഹപ്രവര്‍ത്തകനാണ് അശ്ലീല സന്ദേശങ്ങളും ലൈംഗിക കാര്യങ്ങളുമടങ്ങിയ സന്ദേശങ്ങളയച്ചത്. നിന്നെക്കാണുമ്പോള്‍ നിയന്ത്രണം വിട്ടുപോകുന്നുവെന്നായിരുന്നു അയാളുടെ കമന്റെന്നും രജനി പറയുന്നു. ഇത്തരം കാര്യങ്ങള്‍ തന്നോട് സംസാരിക്കരുതെന്ന് കര്‍ശനമായി വിലക്കിയതോടെയാണ് അത് നിന്നത്. തനിക്ക് വീണ്ടും ഇയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടിവരുമല്ലോ എന്നോര്‍ത്താണ് ഇക്കാര്യങ്ങള്‍ പുറത്തവിടാതിരുന്നതെന്നും രജനി പറയുന്നു. തന്റെ മറ്റ് വനിതാ സുഹൃത്തുക്കള്‍ക്കും ഇതേയാളില്‍നിന്ന് സമാനമായ സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പിന്നീട് താനറിഞ്ഞതായും രജനി പറയുന്നു. ഇതോടെയാണ് അയാള്‍ക്കെതിരെ പരാതിപ്പെടാന്‍ തീരുമാനിച്ചത്. തന്റെയും മറ്റ് സഹപ്രവര്‍ത്തരുടെയും പരാതിയെത്തുടര്‍ന്ന് അയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായും രജനി കൂട്ടിച്ചേര്‍ത്തു.