ദീപാവലിയുടെ ശോഭ അങ്ങ് അമേരിക്കയിലും; വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

single-img
18 October 2017

വാഷിങ്ടണ്‍: പതിവ് തെറ്റിക്കാതെ ഇത്തവണയും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദീപാവലി ആഘോഷച്ചടങ്ങില്‍ യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം പങ്കെടുത്തു.

ഇവര്‍ക്ക് പുറമെ, യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അജിത് പൈ, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തു. ട്രംപിന്റെ മകള്‍ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ആയ ഓവല്‍ ഓഫീസിലായിരുന്നു പരിപാടി.

ആഘോഷം സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. അമേരിക്കയ്ക്ക് ഇന്ത്യന്‍-അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കല, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു.

മാത്രമല്ല ദീപാവലിയുടെ ഭാഗമായി ന്യൂ ജേഴ്‌സിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ട്രംപ് അഭിസംബോധന ചെയ്യുകയും വിളക്ക് തെളിയിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ ഉപദേശകരിലൊരാള്‍ കൂടിയായ ഇവാങ്ക, ദീപാവലിയുടെ ഭാഗമായി വെര്‍ജീനിയയിലെയും ഫ്‌ളോറിഡയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത് ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലം മുതലാണ്. അക്കാലത്ത് വൈറ്റ് ഹൗസിന്റെ ഭാഗമായ ഇന്ത്യ ട്രീറ്റി റൂം എന്നറിയപ്പെടുന്ന ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടത്താറുണ്ടായിരുന്നത്. എന്നാല്‍ പ്രസിഡന്റ് ബുഷ് നേരിട്ട് പരിപാടിയില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഒബാമയുടെ കാലം മുതലാണ് പ്രസിഡന്റും ആഘോഷത്തില്‍ പങ്കെടുക്കുന്ന പതിവ് ആരംഭിച്ചത്.