എന്റെ മക്കളെ വെറുതേവിടൂ; കേണപേക്ഷിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

single-img
17 October 2017

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷവും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നവമാധ്യമങ്ങളില്‍ സജീവമാണ്. ഒരുപക്ഷേ വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷവും ഇത്രയേറെ ആരാധകര്‍ പിന്തുടരുന്ന മറ്റൊരു താരവും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അതുകൊണ്ടാകാം മറ്റു പലരെയും പോലെ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമൊന്നും കാര്യമായ ആക്രമണങ്ങളൊന്നും സച്ചിനെതിരെ ഉണ്ടാകാറുമില്ല.

എന്നാല്‍ നവമാധ്യമങ്ങളിലെ ചിലരുടെ ഇടപെടലുകള്‍ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി സച്ചിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ മക്കളുടേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍, പ്രത്യേകിച്ചും ട്വിറ്ററില്‍ ചില അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടെന്നും അതൊക്ക വ്യാജ അക്കൗണ്ടുകളാണെന്നും സച്ചിന്‍ വ്യക്തമാക്കി.

സാറയും അര്‍ജുനും ട്വിറ്റര്‍ ആക്കൗണ്ടുകളില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ സച്ചിന്‍ തന്റെ മക്കളെ വെറുതേവിടണമെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സാറയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് വലിയ രാഷ്ട്രീയ കോലാഹലത്തിനാണ് വഴിവച്ചത്.

എല്ലാവര്‍ക്കും അറിയാം ശരദ് പവാറും എന്‍.സി.പി.യുമാണ് മഹാരാഷ്ട്രയെ കൊള്ളയടിച്ചതെന്ന്. എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ല എന്നായിരുന്നു മല്ല്യനെയിംസ്പവാര്‍ എന്ന ഹാഷ്ടാഗില്‍ ഒക്ടോബര്‍ ഒന്‍പതിന് സാറ തെണ്ടുല്‍ക്കര്‍ എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞത്.

സാറയുടെയും അര്‍ജുന്റെയും ചിത്രങ്ങളും ഇത്തരം വ്യാജ അക്കൗണ്ടുകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. യുവ ക്രിക്കറ്ററായ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഈ അടുത്ത് മുംബൈ അണ്ടര്‍19 ടീമില്‍ ഇടം നേടുകയും ചെയ്തിരുന്നു. ഈ ട്വീറ്റിനെ കുറിച്ച് വിശദീകരിക്കണം എന്ന് എന്‍.സി.പിയുടെ നിയമസഭാംഗം ജിതേന്ദ്ര അവാഡ് സച്ചിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് സച്ചിന്‍ വിശദീകരണവുമായി രംഗത്തുവന്നത്. സച്ചിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ട്വിറ്റര്‍ സാറ തെണ്ടുല്‍ക്കര്‍ എന്ന അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. മകള്‍ സാറ ബോളിവുഡില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പും സമാനമായ സംഭവങ്ങളുണ്ടായപ്പോള്‍ ഇതുപോലെ തന്നെ സച്ചിന്‍ പരാതിയുമായി രംഗത്തുവന്നിരുന്നു.