ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി

single-img
17 October 2017

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇപ്പോൾ ദേശീയ തീർഥാടന കേന്ദ്രമല്ലെങ്കിലും അതിലും പ്രധാനമാണ് ശബരിമലയെന്നു നമുക്കറിയാം.

തീർഥാടകർക്ക് ഇപ്പോഴുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിയാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. അതിനു നല്ല പ്രതികരണം ലഭിക്കുന്നു. ശബരി റെയിൽ പാതയോടും കേന്ദ്രത്തിനു യോജിപ്പാണ്. സ്ഥലമെടുപ്പ് വേഗം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ കൂടുതൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തർക്ക് ദർശനം നടത്തി പെട്ടെന്ന് തിരിച്ചുപോകാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഉണ്ടാകേണ്ടത്. ശബരിമല മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.