ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ. സി.പി. ഉദയഭാനു ഏഴാം പ്രതി

single-img
16 October 2017

ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ. സി.പി. ഉദയഭാനു ഏഴാം പ്രതി. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ കോടതിക്കു സമർപ്പിച്ചു. ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇയാളെ പ്രതി ചേർത്തതായി അറിയിച്ചത്.

ഉദയഭാനുവിനെതിരെ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു. ആവശ്യമെങ്കിൽ ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

രാജീവിന്റെ അങ്കമാലിയിലെ വീട്ടിൽ ഉദയഭാനു പലതവണ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. കാണാതായ രാജീവ് അബോധാവസ്ഥയിൽ വാടകവീട്ടിലുണ്ടെന്ന വിവരം ഉദയഭാനു പൊലീസിനെ ഫോണിൽ വിളിച്ചു പറഞ്ഞത് റെക്കോഡ് ചെയ്‌തതും ഉദയഭാനുവിനെതിരായ തെളിവായി.

കേരളത്തിലെ പ്രമുഖനായ നിയമ വിദഗ്ദ്ധനും നിയമ പോരാട്ടത്തിന്റെ തഴക്കവും പഴക്കവും കൈമുതലായ വ്യക്തിയുമായതിനാൽ വ്യക്തമായ തെളിവ് ശേഖരിച്ചതിന് ശേഷമാണ് ഉദയഭാനുവിനെ പ്രതി ചേർ‌ത്തത്. അതേസമയം ഉദയഭാനുവിന് കേസിൽ വ്യക്തമായ പങ്കുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് രാജീവിന്‍റെ മകൻ അഖിൽ കോടതിയിൽ ഹർജി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഈ മാസം 23ലേക്ക് മാറ്റി.