താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് ബിജെപി നേതാവ്: ‘താജ്മഹൽ നിർമിച്ചത് രാജ്യദ്രോഹികൾ’

single-img
16 October 2017

താജ്മഹലിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നും ഉത്തർപ്രദേശ് സർക്കാർ ഒഴിവാക്കിയതിന് പിന്നാലെ താജ്മഹൽ നിർമിച്ച മുഗൾ ചക്രവർത്തി ഷാജഹാനെ അപഹസിച്ച് ബി.ജെ.പി എം.എൽ.എ സംഗീത് സോം രംഗത്ത്. ലോക മഹാദ്ഭുതമായ താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്ന് സംഗീത് സോം പറഞ്ഞു. താജ്മഹൽ ചരിത്രത്തിന്‍റെ ഭാഗമാണെങ്കിൽ ആ ചരിത്രം മാറ്റുമെന്നും എം.എല്‍.എ പറഞ്ഞു.

യുപി ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് ചില ആളുകളെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് പ്രാധാന്യമാണ് അവകാശപ്പെടാനുളളത്?. സ്വന്തം പിതാവിനെ തടവില്‍ പാര്‍പ്പിച്ചയാളാണ് ഷാജഹാന്‍’.

ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാനും അയാള്‍ ശ്രമിച്ചു. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗം ആണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ മാറ്റുമെന്ന് നേതാവ് പറഞ്ഞു.
താജ്മഹലിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു.

ഇന്ത്യയില്‍ വരുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ മോഡല്‍ സമ്മാനിക്കുന്നതും യോഗി വിലക്കിയിരുന്നു. ടൂറിസം ബുക്ക്‌ലറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കി പകരം ഗോരഖ്പൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തിയിരുന്നു.