കാവിവത്കരണം കടൽ കടന്ന് ഖത്തറിലെത്തി; ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനം ആഘോഷിച്ച ഖത്തറിലെ ഇന്ത്യന്‍ എംബസിക്കെതിരെ പ്രതിഷേധം ശക്തം

single-img
16 October 2017

ദോഹ: ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താവും ആര്‍ എസ് എസ് നേതാവും ഭാരതീയ ജനസംഘം മുന്‍ പ്രസിഡന്റുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷത്തിന് ചുക്കാന്‍ പിടിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി. ബി.ജെ.പിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ഇന്ത്യ (ഒ.എഫ്.ഐ ഖത്തര്‍) സംഘടിപ്പിച്ച പരിപാടിയുടെ ചിത്രങ്ങള്‍ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പേജിലെ പ്രചാരണത്തിനെതിരെ ഖത്തറിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗള്‍ഫിലും കാവിവത്കരണത്തിനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ സ്വയം സേവക സംഘം നേതാവിന്റെ ജന്മദിന പരിപാടിയുടെ പ്രചാരകരായി എംബസി മാറുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്‍വലിയണമെന്നും ഖത്തര്‍ കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി വ്യക്തമാക്കി.

ബി ജെ പിയുടേയോ ആര്‍ എസ് എസ്സിന്റേയോ പോഷക സംഘടനകളുടെ പരിപാടിയുടെ പ്രചാരണമല്ല എംബസിയുടെ ജോലി. ഖത്തറിലെ ഇന്ത്യന്‍ എംബസി ഫെയ്‌സ്ബുക്ക് പേജ് വഴി ഇങ്ങനെ പ്രചരിപ്പിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ ജനറല്‍സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ് പറഞ്ഞു.

അതേസമയം തങ്ങളെ ഈ പരിപാടി സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചതാണെന്നാണ് ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ ഭാരവാഹിയുടെ വാദം. ”ഇന്ത്യന്‍ എംബസി നടത്തേണ്ടുന്ന പരിപാടിയാണിത്. എംബസിയുടെ ഔദ്യോഗിക സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്.”- ഒ എഫ് ഐ ഖത്തര്‍ പ്രസിഡന്റ് പ്രശാന്ത്കുമാര്‍ പറഞ്ഞു.