സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി: ‘റിപ്പോര്‍ട്ടിന്‍മേല്‍ എടുത്തത് പ്രതികാര നടപടിയല്ല’

single-img
16 October 2017

സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വെക്കും. തീയതി തീരുമാനിച്ചിട്ടില്ല. സോളാര്‍ കമ്മീഷനെ നിയോഗിച്ചത് മുൻ സര്‍ക്കാരാണ്. റിപ്പോര്‍ട്ടിന്‍മേല്‍ എടുത്തത് പ്രതികാര നടപടിയല്ലെന്നും പിണറായി പറഞ്ഞു.

റിപ്പോർട്ട് ഇപ്പോൾ പരസ്യപ്പെടുത്താനാവില്ല. റിപ്പോർട്ട് പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന് രണ്ട് തരത്തിൽ നടപടി സ്വീകരിക്കാം. റിപ്പോർട്ട് മാത്രമായോ അതിന്മേൽ സ്വീകരിച്ച നടപടി കൂടി റിപ്പോർട്ടാക്കി നിയമസഭയിൽ വയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാർ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് നൽകാനാവില്ലെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തയച്ചത്.

സോളാർ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹന്നാൻ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ സർക്കാർ കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.