കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നു; കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു; സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല: ഹർത്താൽ ഭാഗീകം

single-img
16 October 2017

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് ഭാഗീകം. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കംകൂടാതെ നടക്കുന്നുണ്ട്. ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയാണു സർവീസുകള്‍ നടക്കുന്നത്. ഓട്ടോ, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയും നിരത്തിലുണ്ട്.

ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസിക്ക് നേരെ കല്ലെറിഞ്ഞു. പലയിടത്തും പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. ഇത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ യുഡിഎഫ് ഹർത്താൽ സംസ്ഥാനത്ത് സമാധാനപരമാണ്.

തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായത്. കൊച്ചി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ല് ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർക്കുകയായിരുന്നു. തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.

കോന്നിയിലും കോഴഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായതിനാല്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുളള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

നഗരപ്രദേശങ്ങളെ ഹർത്താൽ ബാധിച്ചില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ പൂർണമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. സംസ്ഥാനത്ത് ഒരിടത്ത് പോലും സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.