ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അമേരിക്കൻ പാർലമെന്റ് ആശങ്ക രേഖപ്പെടുത്തി

single-img
16 October 2017

വാഷിംഗ്ടണ്‍: ഇന്ത്യയിലെ സ്വതന്ത്ര്യമായി എഴുതുന്നവര്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളില്‍ അപലപിച്ച് യു.എസ് പ്രതിനിധി സഭ. ബെംഗളുരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്ക്ക് നേരെ എന്‍.ഡി.എ രാജ്യസഭാംഗം നടത്തിയ ഭീഷണികളും ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പാര്‍ലമെന്റെ് ആശങ്ക രേഖപ്പെടുത്തിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് പ്രതിനിധി സഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം ഉയര്‍ത്തിക്കൊണ്ടു വന്നത്. ഇന്ന് ലോകം മുഴുവന്‍ വ്യക്തികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ്. ഒരാളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മറ്റോ പോസ്റ്റ് ചെയ്താലോ, മറ്റൊരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്ക് വച്ചാല്‍ അത് ശിക്ഷാര്‍ഹവും കൊലപാതകത്തില്‍ വരെ കലാശിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ നിര്‍ഭയമായി ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തകയായ ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിന് സമാനമായ സാഹചര്യത്തിലാണ് ഗൗരി ലങ്കേഷും കൊല ചെയ്യപ്പെട്ടതെന്നും അദ്ദേഹം തുറന്നടിച്ചു. അതിനു പിന്നാലെയാണ് ഇന്ത്യയിലെ ദളിത് എഴുത്തുകാരനും, യൂണിവേഴ്‌സിറ്റി അധ്യാപകനുമായ കാഞ്ച ഐലയ്യയ്ക്കു നേരെ ആക്രമണവും, വധഭീഷണിയും ഉണ്ടായത്.