കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം

single-img
16 October 2017

കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. സീതാറാം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്‍റെയും നിലപാട് കേന്ദ്ര കമ്മിറ്റി തള്ളി. സമവായത്തിന് തയ്യാറല്ലെന്നാണ് പ്രകാശ് കാരാട്ട് വിഭാഗം വ്യക്തമാക്കിയത്. കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമാണ് നേതാക്കള്‍ ഉയർത്തിയത്. സഹകരണം പൂർണ്ണമായും തള്ളരുതെന്നായിരുന്നു ബംഗാൾ നേതാക്കളുടെ നിലപാട്.

പോളിറ്റ് ബ്യൂറോയിലും ഇത് സംബന്ധിച്ച ധാരണയുണ്ടായ ശേഷമാണ് സിസിയിൽ ഇത്തരമൊരു തീരുമാനമുണ്ടായത്. നേരത്തെ ഇക്കാര്യത്തിൽ സിസിയിൽ വോട്ടെടുപ്പ് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വോട്ടെടുപ്പ് നടന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് ബന്ധം ആവശ്യമാണെന്ന നിലപാട് മയപ്പെടുത്തിയതാണ് ധാരണയിലെത്താൻ കാരണമായത്.

അതേസമയം, വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നു ബംഗാൾ ഘടകം അറിയിച്ചു. പാർട്ടി കോൺഗ്രസിനു മുന്നോടിയായി ജനുവരിയിൽ കേന്ദ്ര കമ്മിറ്റിയോഗം ഉണ്ട്. അതിലുന്നയിക്കുമെന്നാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്. പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകവും നിലവിലെ സാഹചര്യത്തിൽ സമീപനം മാറ്റേണ്ടെന്ന നിലപാടിലാണ്.