സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി വനിതാ നേതാവിന്റെ ഭീഷണി; ”ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ബിജെപിയാണ്, വേണമെങ്കില്‍ കേരളസര്‍ക്കാരിനെ പിരിച്ചുവിടാം”

single-img
16 October 2017

ഡല്‍ഹി: ഇനിയും കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. അമിത് ഷായുടെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് ഇത് കാണിച്ച് കൊടുക്കാനാണെന്നും മുന്‍ എംപി കൂടിയായ സരോജ് പാണ്ഡെ പറഞ്ഞു.

കേരളത്തിലെ ഇടത് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഐഎം ഓര്‍ക്കണമെന്നും സരോജ് പാണ്ഡേ പറഞ്ഞു. ബിജെപി ബഹുമാനിക്കുന്ന ജനാധിപത്യം കേരളത്തിലെയും ബംഗാളിലെയും സര്‍ക്കാരുകള്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും വലിയ പാര്‍ട്ടിയായ, 11 കോടിയിലധികം അംഗങ്ങളുള്ള ബിജെപി കൊലപാതകത്തെ ഭയക്കുന്നില്ല. തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുവാനുള്ള ശക്തിയുണ്ട് ഞങ്ങള്‍ക്കെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് സരോജ് പാണ്ഡേ പറഞ്ഞു.

സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ തുറുന്നകാണിക്കാനാണ് ജനരക്ഷായാത്ര കേരളത്തില്‍ സംഘടിപ്പിക്കുന്നതെന്നാണ് ബിജെപി ദേശീയതലത്തില്‍ തന്നെ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് തങ്ങളും ആക്രമണത്തിന്റെ പാതയിലേക്ക് നീങ്ങുമെന്ന ഭീഷണി ബിജെപി ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായത്.