ഹര്‍ത്താല്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിയെന്ന് രമേശ് ചെന്നിത്തല: ‘ഹർത്താലിനെ താറടിച്ചു കാണിക്കാൻ ശ്രമം നടന്നു’

single-img
16 October 2017

തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താല്‍ വിജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു.

എന്നാൽ, ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഹർത്താലിനെ താറടിച്ചു കാണിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

യുഡിഎഫ് ഹര്‍ത്താല്‍ നടത്തി അക്രമം നടത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. അക്രമം നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്കിയിരുന്നതായും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹർത്താലിൽ അക്രമങ്ങൾ ഉണ്ടാക്കാൻ സർക്കാരിൽ നിന്ന് ബോധപൂർമായ ശ്രമമുണ്ടായി. അനാവശ്യമായി പൊലീസിനെ വിന്യസിച്ച് ഹർത്താലിനിടെ പ്രകോപനമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. വാഹനങ്ങൾ തടഞ്ഞത് അക്രമമാണെന്ന് ഊതിപ്പെരുപ്പിച്ച് കാണിക്കുകയായിരുന്നു.

ജനങ്ങൾ ഹർത്താലിനോട് സഹകരിക്കുമെന്ന് അറിഞ്ഞിട്ടും സർക്കാർ കെ.എസ്.ആർ.ടി.സി ബസുകൾ റോഡിലിറക്കുകയായിരുന്നു. ഇന്നത്തെ ദിവസം കെ.എസ്.ആർ.ടി.സിയുടെ വരുമാനം എത്രയെന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.