വേങ്ങരയില്‍ ബിജെപി നാണംകെട്ട് നാലാമതായി; ജനരക്ഷായാത്രയുടെ ശോഭപോയി: എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്

single-img
15 October 2017

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന്‍ മാസ്റ്റര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിജെപിയെ മറികടന്ന് എസ്ഡിപിഐ മൂന്നാം സ്ഥാനം സ്വന്തമാക്കി. എസ്ഡിപിഐക്ക് വേണ്ടി അഭിഭാഷകന്‍ കൂടിയായ കെസി നസീര്‍ 8,648 വോട്ടുകള്‍ നേടിയപ്പോള്‍ ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5,728 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ബിജെപിയേക്കാള്‍ 2,920 വോട്ടുകളാണ് എസ്ഡിപിഐ അധികമായി സ്വന്തമാക്കിയത്.

2017 ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് 5,952 വോട്ടുകളാണ് വേങ്ങര മണ്ഡലത്തില്‍ സ്വന്തമാക്കിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7,055 വോട്ടുകളും ബിജെപി സ്വന്തമാക്കിയിരുന്നു.

2016 ല്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 3,049 വോട്ടുകള്‍ മാത്രവും. ഈ സ്ഥാനത്തുനിന്നാണ് എസ്ഡിപിഐ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയിരിക്കുന്നത്.

ഇത്തവണ പ്രധാനമായും ഹാദിയ കേസും ഫാഷിസവും ചര്‍ച്ചയാക്കിയായിരുന്നു എസ്ഡിപിഐയും ബിജെപിയും മണ്ഡലത്തില്‍ വോട്ടു തേടിയത്. ദേശീയപാതയിലൂടെ കടന്നുപോകേണ്ടിയിരുന്ന ജനരക്ഷായാത്ര വേങ്ങരയിലേക്ക് തിരിച്ചുവിട്ട് സ്വീകരണവും ഒരുക്കി ബിജെപി.

അതേസമയം ജനരക്ഷാ യാത്രയെ നേരിടാന്‍ മറ്റു മുന്നണി നേതാക്കള്‍ പ്രധാനമായും ഉപയോഗപ്പെടുത്തിയ വേദിയും വേങ്ങരയായിരുന്നു. അങ്ങനെയാണ് ഫാഷിസത്തിലേക്ക് തിരഞ്ഞെടുപ്പു ചര്‍ച്ച വഴിമാറുന്നതും.

ആരാണ് ഫാഷിസത്തിന്റെ വക്താക്കള്‍ എന്ന നിലയില്‍ ആരോപണ പ്രത്യാരോപണങ്ങളിലും ഏര്‍പ്പെട്ടു മുന്‍നിര പാര്‍ട്ടികളെല്ലാം. കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങും കുമ്മനം രാജശേഖരനും ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിക്കു വേണ്ടി മുന്നിട്ടിറങ്ങിയത്.