സൗദിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം: ആറ് ഇന്ത്യക്കാരുള്‍പ്പെടെ 10 പേര്‍ മരിച്ചു

single-img
15 October 2017

സൗദിയിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു. റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ശിഫയില്‍ ഫര്‍ണീച്ചര്‍ കമ്പനിയുടെ ഫാക്ടറിക്ക് തീപിടിച്ചാണ് ആറ് ഇന്ത്യാക്കാരുള്‍പ്പെടെ 10 വിദേശ തൊഴിലാളികള്‍ മരിച്ചത്. രണ്ട് ബംഗ്‌ളാദേശികളും രണ്ട് പാകിസ്താനികളുമാണ് മരിച്ച മറ്റുള്ളവര്‍. മരിച്ചവരില്‍ മലയാളികളില്ല. ഇന്ത്യാക്കാര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.

പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ബദര്‍ ജില്ലയില്‍ ശിഫ സനാഇയയിലാണ് സംഭവം. ഫര്‍ണീച്ചറുകള്‍ക്കുള്ള മര ഉരുപ്പടികള്‍ തയാര്‍ ചെയ്‌തെടുക്കുന്ന കമ്പനിയാണിത്. മലയാളികളാരും ഇവിടെ ജോലി ചെയ്യുന്നില്ല. ഞായറാഴ്ച പുലര്‍ച്ചെ 4.17ഓടെയാണ് സംഭവമെന്ന് സിവില്‍ ഡിഫന്‌സ്് വൃത്തങ്ങള്‍ അറിയിച്ചു.

ഫാക്ടറിയില്‍ നിറയെ തീ ആളിക്കത്താന്‍ സഹായിക്കുന്ന പെയിന്റും പോളിമര്‍ വസ്തുക്കളും മര ഉരുപ്പടികളുമാണുണ്ടായിരുന്നത്. തകരം കൊണ്ടുള്ള മേല്‍ക്കൂരയാണ് ഫാക്ടറിയുടേത്. ഇതെല്ലാമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. തൊഴിലാളികള്‍ താമസിച്ചിരുന്നത് ഫാക്ടറിക്കുള്ളിലാണ്.