‘പപ്പുമോന്‍’ പരിഹാസങ്ങള്‍ ബിജെപിക്ക് തന്നെ പാരയാകുന്നു: സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ തരംഗം

single-img
15 October 2017

രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നുവിളിച്ച് ബിജെപി നേതാക്കള്‍ കളിയാക്കുന്നത് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 24.93 ലക്ഷത്തില്‍നിന്ന് 37 ലക്ഷമായി വര്‍ധിച്ചു.

അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന അഴിമതിയെ ‘ബേട്ടി ബച്ചാവോയില്‍നിന്ന് ബേട്ട ബച്ചാവോ’യിലേക്കുള്ള മാറ്റമാണെന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. നോട്ടസാധുവാക്കലിന്റെ ഗുണഭോക്താവിനെ ഒടുവില്‍ കണ്ടെത്തിയെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.

ഈ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നതിനെ പ്രതിരോധിക്കാനാണ് പപ്പുമോന്‍ വിളിയുമായി ബിജെപി വീണ്ടും രംഗത്തിറങ്ങിയത്. ഇതാണ് രാഹുലിന് ജനപ്രീതി കൂട്ടിയത് എന്നാണ് വിലയിരുത്തല്‍.

അടുത്തിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമാണ് രാഹുലിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെ, സ്വയം വിമര്‍ശനപരമായി രാഹുല്‍ നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന വാക്കുകളും ലോകമെങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

പക്വതയില്ലാത്തതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നുവിളിച്ച് എല്ലാവരും കളിയാക്കുന്നതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പരിഹാസരൂപേണ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ തയ്യാറെടുക്കുന്ന രാഹുല്‍ മാറ്റത്തിന്റെ പാതയിലാണെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.