വേങ്ങരയില്‍ തോറ്റെങ്കിലും രാഷ്ട്രീയ വിജയം എല്‍ഡിഎഫിന്; വോട്ട് ചോര്‍ച്ചയില്‍ ഞെട്ടല്‍ മാറാതെ ലീഗ് കേന്ദ്രങ്ങള്‍

single-img
15 October 2017

വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വേങ്ങര നിയമസഭാ മണ്ഡലം ഒരിക്കല്‍ക്കൂടി യുഡിഎഫിനോട് കൂറു പ്രഖ്യാപിച്ചു. വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ വേങ്ങരയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കെ.എന്‍.എ. ഖാദര്‍ ആകെ 65,227 വോട്ടു നേടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ഥി ജനചന്ദ്രനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി എസ്ഡിപിഐയുടെ കെ.സി. നസീര്‍ മൂന്നാം സ്ഥാനം നേടുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

നസീര്‍ 8648 വോട്ടു സ്വന്തമാക്കിയപ്പോള്‍ ജനചന്ദ്രന് 5728 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 502 വോട്ടുമായി നോട്ട അഞ്ചാം സ്ഥാനത്തെത്തി. അതേസമയം തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച എല്‍ഡിഎഫ് ആശ്വാസത്തിലാണ്.

കഴിഞ്ഞവര്‍ഷത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴായിരത്തിലേറെ വോട്ടുകളുടെ കുറവ് ഭൂരിപക്ഷത്തില്‍ ഉണ്ടാക്കാനായത്, പ്രചരണരംഗത്ത് എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് ലഭിച്ച അംഗീകരമാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്.

സംഘപരിവാര്‍ ഫാസിസമാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരണരംഗത്ത് ഉയര്‍ത്തിപ്പിടിച്ചത്. സംഘപരിവാറിനെ ചെറുക്കാന്‍ തങ്ങള്‍ക്കേ കഴിയുവെന്നാണ്‌ എല്‍ഡിഎഫ് ഉന്നയിച്ചത്. അതിനിടെ ഭൂരിപക്ഷത്തിലുണ്ടായ വന്‍ കുറവ് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ലീഗിന് ഏറ്റവും വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ പതിനയ്യായിരത്തോളം വോട്ടുകളുടെ കുറവാണ് മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭൂരിപക്ഷത്തിലുണ്ടായിട്ടുള്ളത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് 38237 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 38057 വോട്ടുകളുടെ ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടി നേടിയിരുന്നു. ഈ സ്ഥാനത്താണ് ഭൂരിപക്ഷം 23310 ആയി കുറഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഫലത്തിലും പ്രതിഫലിച്ചു എന്നാണ് വിലയിരുത്തല്‍.

കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ യു.എ.ലത്തീഫിന്റെ പേരായിരുന്നു വേങ്ങരയില്‍ അവസാനം വരെ മുഴങ്ങി കേട്ടത്. എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് തൊട്ടു മുന്‍പ് നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഖാദര്‍ വേങ്ങര ടിക്കറ്റ് ഉറപ്പിച്ചത്.