സംസ്ഥാനത്ത് യുഡിഎഫ് ഹർത്താൽ തുടങ്ങി

single-img
15 October 2017

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി വര്‍ധിക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി വര്‍ധിപ്പിച്ച് ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതിനും എതിരായാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാന പരമായിരിക്കുമെന്നും പൊതുജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഹൈക്കോടതി ഇടപെടലിന്‍റെ കൂടി പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ നേരിടാന്‍ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാഹനം തടയുകയോ നിര്‍ബന്ധിച്ച് കടയടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സംരക്ഷണം നല്‍കും. കോടതി, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിന് സുരക്ഷയൊരുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.