നാളത്തെ ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ചെന്നിത്തല: ഹര്‍ത്താലിനായി ചെന്നിത്തല നിരത്തുന്ന അഞ്ച് കാരണങ്ങള്‍ ഇവയാണ്

single-img
15 October 2017

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുള്ള യുഡിഎഫിന്റെ സംസ്ഥാന ഹര്‍ത്താല്‍ നാളെ. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍.

ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹര്‍ത്താലിന്റെ വിജയത്തിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്താന്‍ പടില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ഒരു അവകാശവും തടസ്സപ്പെടുത്തരുതെന്നും ചെന്നിത്തല പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ നിര്‍ദ്ദേശം.
എന്തുകൊണ്ട് ഹര്‍ത്താല്‍ ?

1. കേരളത്തില്‍ ഒരാള്‍ ഒരു ലിറ്റര്‍ പെട്രോളോ, ഡീസലോ വാങ്ങുമ്പോള്‍ നികുതിയായി മാത്രം യഥാക്രമം 39.42 രൂപയും, 29.78 രൂപയും നല്‍കണം. നേരത്തെ ഇന്ധന വില വര്‍ധനവുണ്ടായപ്പോള്‍ അന്ന് അധികാരത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടു തവണ നികുതി വേണ്ടെന്ന് വച്ചാണ് സംസ്ഥാനത്ത് ഇന്ധന വില പിടിച്ചു നിര്‍ത്തിയത്.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയും നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകി. മറ്റു ചില സംസ്ഥാനങ്ങളും ഇപ്പോള്‍ ഈ മാതൃക പിന്തുടരുന്നുണ്ട്. എന്നാല്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക് നയാപൈസ നികുതി കുറക്കില്ലന്ന വാശിയിലാണ്.

വില കുറയ്ക്കുന്നതും, കുറയ്ക്കാത്തതുമൊക്കെ സംസ്ഥാനങ്ങളുടെ കാര്യമെന്ന് പറഞ്ഞ് അരുണ്‍ ജെറ്റ്‌ലി കൈകഴുകുകയും ചെയ്യുന്നു. ദുരിതം മുഴുവന്‍ ജനങ്ങള്‍ക്കും. ഇതിന് പുറമെയാണ് പാചക വാതകത്തിന്റെ വില അടിക്കടി കുത്തനെ കൂട്ടുന്നതും.

2. നോട്ട് പിന്‍വലിക്കല്‍, തിരക്ക് പിടിച്ചുള്ള ജി.എസ്.ടി നടപ്പാക്കല്‍ എന്നിവയോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം താറുമാറായി. നമ്മുടെ കയറ്റുമതി വരുമാനം ഇടിഞ്ഞു. 2010 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നമ്മള്‍ പരിക്കൊന്നുമേല്‍ക്കാതെ തലയുയര്‍ത്തി നിന്നു.

എന്നാല്‍ ലോകമെങ്ങും അനുകൂലമായ കാലാവസ്ഥ നിലനില്‍ക്കുമ്പോഴും അതിനെ ഉപയോഗപ്പെടുത്താന്‍ കഴിയാതെ നിസ്സഹായരായി നോക്കി നില്‍ക്കാനെ മോദിക്കും സംഘത്തിനും കഴിയുന്നുള്ളു. മോദിക്കും സംഘത്തിനും വികസന വായാടിത്ത്വം പറയാനല്ലാതെ രാജ്യം ഭരിക്കുന്നതെങ്ങിനെയെന്നറിയില്ല.

3. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അനിയന്ത്രിതമാകുന്നു. രാജ്യം വലിയൊരു സ്തംഭനാവസ്ഥയിലേക്ക് കൂപ്പു കുത്തുന്നു.

4.ദളിത് പീഡനങ്ങളും, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും, പൊലീസ് നിഷ്‌ക്രിയത്വവും, മന്ത്രിമാരടക്കമുളളവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി കയ്യേറ്റമുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളും, മദ്യലോബിക്ക് മുമ്പിലെ നിര്‍ബാധമായ കീഴടങ്ങലുമെല്ലാം പിണറായി മന്ത്രി സഭയെ സംശയത്തോടെ നോക്കിക്കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടക്ക് നടന്നത്. ക്രമസമാധാന നില ഇത്രയും തകര്‍ന്ന ഒരു കാലം ഉണ്ടായിട്ടില്ല

5 . ജനങ്ങളുടെ ദുരിതങ്ങള്‍ക്കും, കഷ്ടപ്പാടുകള്‍ക്കും നേരെ ഭരണകൂടങ്ങള്‍ കണ്ണും കാതും പൂട്ടിയിരിക്കുമ്പോള്‍ നമ്മള്‍, ജനാധിപത്യ വിശ്വാസികളുടെ കടമ ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുക എന്നതാണ്
ഹര്‍ത്താല്‍ എങ്ങനെ ?

ഹര്‍ത്താലില്‍ ജനങ്ങളുടെ സ്വമേധയായുള്ള പങ്കാളിത്തമാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തിയല്ല ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലിന്റെ വിജയത്തിനായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്തില്ല.

സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ കാരണം അടങ്ങാത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തൊഴിലാളികളും ജീവനക്കാരും കച്ചവട വ്യാപാരി സമൂഹവും സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുത്തും വാഹനങ്ങള്‍ സ്വമേധയാ നിരത്തിലിറക്കാതെയും ഈ സമാധാന സമരം വിജയിപ്പിക്കും എന്ന് ഉറപ്പുണ്ട്. കാരണം ജനങ്ങള്‍ അത്രമേല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.