കുമ്മനത്തിന്റെ ജനരക്ഷായാത്രയുടെ ഭാഗമായി തൃശ്ശൂരില്‍ മദ്യവും ബീഫും വിളമ്പി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സല്‍ക്കാരം; ചിത്രങ്ങള്‍ പുറത്ത്

single-img
15 October 2017

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ വാര്‍ത്ത നല്‍കിയതിന് തൃശ്ശൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യവും ബീഫും വിളമ്പിയെന്ന് റിപ്പോര്‍ട്ട്. തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജോയ്‌സ് പാലസില്‍ ഇന്നലെ ഉച്ചയ്ക്കാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യസല്‍ക്കാരം ഒരുക്കിയത്. ചിത്രങ്ങള്‍ സഹിതമായിരുന്നു വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടത്.

ജനരക്ഷാ യാത്രയുടെ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതിനുള്ള നന്ദിയും നേതാക്കള്‍ ചടങ്ങില്‍ പ്രകടിപ്പിച്ചു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി ആര്‍എസ്എസ് നേതാക്കളാണ് മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ സ്വീകരിച്ചത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബീഫ് കൈവശംവച്ചതിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങളെ തല്ലിക്കൊല്ലുന്നതിനിടെ തൃശൂരില്‍ ബിജെപി നേതാക്കള്‍ ബീഫ് വിളമ്പി സല്‍ക്കാരം നടത്തിയത് ചര്‍ച്ചയായിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ബീഫ് നിരോധം നിലവിലുണ്ട്.

ബീഫ് കൈവശം വച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും ഉറപ്പാണ് ഈ സംസ്ഥാനങ്ങളില്‍. ബീഫിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംസ്ഥാനമായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് തൃശൂരില്‍ യാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്.

കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ബീഫ് നിരോധിക്കണമെന്നാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. ഡല്‍ഹിയില്‍ കേരള ഹൗസില്‍ ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് ഡല്‍ഹി പോലിസ് റെയ്ഡ് നടത്തിയത് ഏറെ വിവാദമായിരുന്നു.

മലയാളിയായ ബിജെപി പ്രവര്‍ത്തകനായിരുന്നു പരാതിക്കു പിന്നില്‍. ബീഫിനെതിരായുള്ള ബിജെപി ആര്‍എസ്എസ് പ്രചാരണം വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടി മാത്രമുള്ളതാണെന്ന് തെളിയിക്കുന്നതാണ് ബിജെപിയുടെ തൃശൂരിലെ സല്‍ക്കാരം.