ചില ചാനല്‍ അവതാരകരുടെ ചര്‍ച്ചക്കിരുന്നാല്‍ നമുക്ക് പ്രാന്താകും; ചിലരെ സഹിക്കാനെ പറ്റില്ല; യാതൊരു ധാരണയുമില്ലാതെ കാര്യങ്ങള്‍ പറയുന്നതുകേട്ടാല്‍ പെടലിക്കിട്ട് അടിക്കാന്‍ തോന്നും: തുറന്നടിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍

single-img
13 October 2017

ചാനല്‍ അവതാരകരുടെ പാളിച്ചകളാണ് അന്തി ചര്‍ച്ചകളുടെ നിലവാരം കളയുന്നത് എന്ന അഭിപ്രായവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇ വാര്‍ത്ത നടത്തിയ പോളിംഗ് ക്യാംപെയിനിലായിരുന്നു അഡ്വക്കേറ്റ് ജയശങ്കറുടെ പ്രതികരണം.

അന്തിചര്‍ച്ചകള്‍ ഇല്ലാത്തതിനെക്കാളും ഉണ്ടാകുന്നതാണ് നല്ലത്. ഇത് പലപ്പോഴും അരോജകമായി മാറുന്നത് അവതാരകര്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര ഗ്രാഹിയില്ലാത്തതാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകള്‍ ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന രീതിയില്‍ നില്‍ക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും, പരിപാടി കാണുന്ന ആളുകളെല്ലാം പൊട്ടന്മാരാണ് എന്ന രീതിയില്‍ അവരുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുകയുമാണ്.

യുക്തിക്ക് നിരക്കുന്ന അഭിപ്രായങ്ങള്‍ പറയുന്നവര്‍ വളരെ കുറവാണ്. ചില ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പലരും എന്നോട് വന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത്രക്ക് അരോജകന്മാരായിട്ടുള്ള ആളുകളാണ് ചര്‍ച്ചക്ക് വരുന്നത്.

അവതാരകര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നാണ് അവരുടെ വിശ്വാസം. അപ്പോള്‍ അവര്‍ ആ ഒരു ആത്മവിശ്വാസത്തോടെയും അഹങ്കാരത്തോടെയും ആണ് ചര്‍ച്ച കൈകാര്യം ചെയ്യുന്നത്. അവരുടെ അഭിപ്രായത്തിന് വിപരീതമായ അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് അവസരം കൊടുക്കില്ല.

ചില ആളുകള്‍ നടത്തുന്ന ചര്‍ച്ച സഹിക്കാനെ പറ്റില്ല. അസഹ്യമാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അവതാരകരെ കുറിച്ച് പലരും പരാതി പറഞ്ഞിട്ടുണ്ട്. ചില പ്രത്യേക അവതാരകര്‍ നടത്തുന്ന ചര്‍ച്ചക്കിരുന്നാല്‍ നമുക്ക് പ്രാന്താകും. അതുകൊണ്ട് ഞാന്‍ പരമാവധി ഇങ്ങനെയുള്ള ആളുകളെ ഒഴിവാക്കിയിട്ടേ ചര്‍ച്ചയ്ക്ക് പോകുകയുള്ളൂ.

ചര്‍ച്ച ചെയ്യുന്ന വിഷയത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ പൊട്ടക്കലം കിലുക്കുന്നതു പോലെയുള്ള ആളുകളുണ്ട്. അവരുടെ പെടലിക്കിട്ട് അടിക്കാന്‍ തോന്നും. ചര്‍ച്ച ചെയ്യുന്ന വിഷയം എന്തെന്ന് അവര്‍ക്ക് അറിയാന്‍ പാടില്ല. വലിയ ഭരണഘടനാ പ്രശ്‌നമൊക്കെ ഇവര്‍ ഇരുന്ന് പറയുന്നത് കണ്ടാല്‍ വിഷമം തോന്നും.

വിദേശനയം ഒക്കെ ചര്‍ച്ച ചയ്യുന്നത് വിദേശനയം പോയിട്ട് സ്വദേശ നയം പോലും അറിയാത്തവരാണെന്നും അഡ്വക്കേറ്റ് ജയശങ്കര്‍ പരിഹസിച്ചു.

ചാനല്‍ ചര്‍ച്ചകള്‍ ഒരുതരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നില്ലെന്ന് മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണനും അന്തി ചര്‍ച്ചകള്‍ ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നതല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണും പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളിലെ ചര്‍ച്ചകള്‍ നയിക്കുന്നവരുടെ ബോധമില്ലായ്മയാണ് ഇന്നത്തെ ചര്‍ച്ചകളുടെ നിലവാരം കുറയാന്‍ കാരണമെന്ന് മംഗളം ടെലിവിഷനിലെ ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് പറഞ്ഞിരുന്നു.

ചാനല്‍ അവതാരകര്‍ സ്വയം നിയന്ത്രിക്കണമെന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ എംവി നികേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. അവതാരകരെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടായിക്കോട്ടേ. മൊത്തത്തില്‍ ഒരു അഴിച്ചുപണി ആവശ്യമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.