ഉത്തര്‍പ്രദേശിനെ കാവിയണിയിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍: ബസ്സുകളിലും ബുക്ക് ലെറ്റുകളിലും സ്‌കൂള്‍ ബാഗുകളിലും കാവി നിറം

single-img
12 October 2017

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വസ്തുക്കള്‍ക്കെല്ലാം കാവിയണിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാവി പ്രചരണം. സ്വന്തം കസേര വിരിയുടെ നിറം കാവിയാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ അത് തുടരുന്നത് ബുക്ക് ലെറ്റുകളിലേക്കും സ്‌കൂള്‍ ബാഗുകളിലേക്കും ബസുകളിലേക്കും നിറം മാറ്റം വ്യാപിച്ചുകൊണ്ടാണ്.

കാവി നിറം പൂശിയ സര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 50 ബസുകള്‍ യോഗി ആദിത്യനാഥ് ഫ്‌ലാഗ് ഓഫ് ചെയ്തതാണ് ഇതില്‍ അവസാനത്തേത്. ഗ്രാമങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ബസിന് സങ്കല്‍പ് സേവ എന്നാണ് പേരിട്ടിരിക്കുന്നത്.

ഇതിന്റെ ചടങ്ങ് സംഘടിപ്പിച്ച വേദിയും ബസുകളില്‍ അലങ്കരിച്ച ബലൂണും എല്ലാം കാവി നിറത്തിലുളളതായിരുന്നു. ഇതു കൂടാതെ സംസ്ഥാനത്തെ മറ്റ് ബസുകള്‍ കൂടി കാവിനിറത്തിലേക്ക് മാറുമെന്നാണ് സൂചന.

യോഗി അധികാരമേറ്റതിന് പിന്നാലെ അഖിലേഷ് യാദവിന്റെ ചിത്രങ്ങള്‍ക്ക് പകരം കാവി നിറമുള്ള ബാഗുകള്‍ ഇറക്കാന്‍ യു.പി പ്രാഥമിക വിദ്യഭ്യാസവകുപ്പ് ഉത്തരവിട്ടിരുന്നു. ഓഗസ്റ്റ് 29ന് സര്‍ക്കാര്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് നല്‍കിയ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പോലും കാവി നിറമായിരുന്നു.

ഇതിനൊക്കെ പുറമെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തീകരിച്ചപ്പോഴും ആറുമാസം പൂര്‍ത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക്‌ലെറ്റിനും കാവി ഛായയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറും വിലാസവും ഉള്‍ക്കൊളളിച്ച ഡയറിയുടെ നിറവും കാവിയായിരുന്നു.

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡി കാര്‍ഡിന്റെ നീല സ്ട്രാപ്പും യോഗി ഭരണത്തിലേറിയ ശേഷം കാവിയാക്കി മാറ്റിയിരുന്നു. എസ് പി സര്‍ക്കാരിന്റെ കാലത്ത് ചുവന്ന നിറവും മായാവതിയുടെ കാലത്ത് നീല നിറവും ഉണ്ടായിരുന്ന ഡയറിയാണ് ഇപ്പോള്‍ കാവിയണിയിച്ചിരിക്കുന്നത്.

ലക്‌നൗവില്‍ വേസ്റ്റ് കൊട്ടകള്‍ക്കും മാലിന്യം കൊണ്ട് പോകുന്ന വണ്ടികള്‍ക്കും കാവി പെയിന്റടിക്കാനും ക്ഷേത്രങ്ങള്‍ വൃത്തിയാക്കുന്നവര്‍ക്ക് കാവി യൂണിഫോം നല്‍കാനും മുനിസിപ്പല്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം എല്ലാ നിറവും ഞങ്ങള്‍ക്കിഷ്ടമാണ്. പക്ഷെ കാവിയാണ് ഞങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് ആ നിറമെന്നും ദേശീയ പതാകയില്‍ പോലുമുണ്ട് കാവിയെന്നുമായിരുന്നു വിഷയത്തില്‍ മന്ത്രിയും സര്‍ക്കാരിന്റെ വക്താവുമായ ശ്രീകാന്ത് ശര്‍മ്മയുടെ പ്രതികരണം. കാവിയാക്കാന്‍ ബോധപൂര്‍വ്വ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും ഇതെല്ലാം യാദൃശ്ചികമാണെന്നും അദ്ദേഹം പറഞ്ഞു.