ടി.പി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍; ഒറ്റുകൊടുത്തവര്‍ കാലത്തോട് കണക്ക് പറയേണ്ടിവരുമെന്ന് കെ.കെ രമ

single-img
12 October 2017

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ ആരോപണത്തിന് മറുപടിയുമായി അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. ബല്‍റാമിന്റെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെട്ടിരുന്നില്ല. ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിരുന്നു. അന്വേഷണം പൂര്‍ണ്ണമായില്ലെന്ന് പറയുന്നത് ശരിയല്ലെന്നും പ്രതികളെ കോടതി ശിക്ഷിച്ചതാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

യു.ഡി.എഫ് സര്‍ക്കാര്‍ സത്യസന്ധമായാണ് ടി.പി കേസ് കൈകാര്യം ചെയ്തതെന്നും ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, വി.ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നായിരുന്ന ടി.പിയുടെ ഭാര്യ കെ.കെ രമയുടെ പ്രതികരണം. ഇതേകുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആര്‍ക്കുവേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണമെന്നും ഒറ്റുകൊടുത്തവര്‍ കാലത്തോട് കണക്ക് പറയേണ്ടിവരുമെന്നും രമ വ്യക്തമാക്കി.