തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി: സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

single-img
12 October 2017

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സ്റ്റോപ് മെമ്മോ നിലവിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഇന്ന് കോടതി കേസ് പരിഗണിച്ചത്.

റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സ്റ്റേറ്റ് അറ്റോര്‍ണിയാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തഹസില്‍ദാറുടെ നിര്‍ദ്ദശത്തില്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്.

ഇത് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നികത്തിയ മണ്ണ് എടുത്തുമാറ്റണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിക്കണമെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയ കോടതി, പത്തു ദിവസത്തിനകം ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഹര്‍ജി പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

നേരത്തെ മന്ത്രി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വില്ലേജ് ഓഫീസര്‍ ആറു വര്‍ഷം മുന്‍പ് കുട്ടനാട് താഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് തോമസ് ചാണ്ടി ഭൂമി കയ്യേറിയതെന്ന് കണ്ടെത്തിയത്.

അതേസമയം, തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുണ്ടായാല്‍ എം.എല്‍.എ സ്ഥാനമടക്കം രാജിവെക്കാമെന്നായിരുന്നു നിയമസഭയിലും മാധ്യമങ്ങള്‍ക്കു മുന്നിലും തോമസ് ചാണ്ടി പറഞ്ഞിരിക്കുന്നത്.