വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാന്‍ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു; അവിടെവച്ച് ഉമ്മന്‍ ചാണ്ടി ലൈംഗികമായി ഉപയോഗിച്ചു: പുതിയ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

single-img
12 October 2017

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് തന്നെ മുന്‍ മുഖ്യമന്ത്രി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് സരിത വെളിപ്പെടുത്തി.

മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ചര്‍ച്ചയിലാണ് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. ഉമ്മന്‍ ചാണ്ടി മുട്ടുവേദന മൂലം ഒരാഴ്ച വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു സംഭവമെന്നും സരിത പറയുന്നു. ബിജു രമേശുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്‌നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചത്.

ബിജു ബ്ലാക്ക് മെയില്‍ ചെയ്ത കാര്യങ്ങളാണ് അവിടെയെത്തിയപ്പോള്‍ ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പിന്നീട് ഗണേശ് കുമാറിന്റെ പ്രശ്‌നം പറഞ്ഞു. ഈ സംസാരത്തിനിടയിലാണ് അദ്ദേഹം തെറ്റായി പെരുമാറിയത്. അതെനിക്ക് വലിയ ഷോക്കായിരുന്നുവെന്നും സരിത പറയുന്നു.

എന്റെ എല്ലാ പരാതികളും ഞാന്‍ പറഞ്ഞിരുന്നത് ഉമ്മന്‍ ചാണ്ടി സാറിനോടായിരുന്നു. മുന്‍പ് ഞാന്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ എല്ലാം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിന്റെ ഒറിജിനല്‍ ബാലകൃഷ്ണപിള്ള സാറിന്റെ കൈവശമുണ്ടായിരുന്നു. ഇപ്പോള്‍ സോളാര്‍ കമ്മിഷനിലും ആ കത്തുണ്ട്.

ഉമ്മന്‍ ചാണ്ടി തനിക്കു പിതൃതുല്യനായിരുന്നു. അത്തരമൊരു പെരുമാറ്റം അദ്ദേഹത്തില്‍ നിന്നുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു സരിത കത്തില്‍ കുറിച്ചിരുന്നു.

ഒരിക്കല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കത്തിലെ ഏതാനും പേജുകള്‍ പുറത്തുവിട്ടപ്പോള്‍ അത് നിഷേധിക്കാന്‍ തമ്പാനൂര്‍ രവി പറഞ്ഞത് കൊണ്ടാണ് നിഷേധിച്ചതെന്നും സരിത ചര്‍ച്ചയില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവരുടെ ചൂഷണം അതിരുകടന്നതിനാലാണ് ഇപ്പോള്‍ തുറന്ന് പറയാന്‍ തയ്യാറായത്. ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടണം. 1.9 കോടി രൂപയാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്.

ഡല്‍ഹിയില്‍ കേരള ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്ത് വെച്ചുമാണ് കൈമാറിയത്. കേരള ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടിയാണെന്നും സരിത പറയുന്നു.

2013 മാര്‍ച്ച് 19ന് സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിയവെയാണ് സരിത കത്ത് എഴുതിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കുന്നതിനു വേണ്ടിയായിരുന്നു ഈ കത്ത്.

അതേസമയം സോളാര്‍ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും. ലൈംഗിക പീഡനക്കേസിലും അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണത്തിലും ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.

ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പുതിയ സംഘം. മുന്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിട്ടുള്ള 33 കേസുകളില്‍, ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമെതിരെ ആക്ഷേപമുള്ള കേസുകളിലാണ് തുടരന്വേഷണ സാധ്യത.

ഇതില്‍ പെരുമ്പാവൂര്‍ കേസില്‍ കോടതി സരിതയെയും ബിജുവിനെയും ശിക്ഷിച്ചതാണ്. കോന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, മല്ലേലില്‍ ശ്രീധരന്‍നായര്‍രുടെ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം വേണമെന്നും കോടതിയെ ബോധ്യപ്പെട്ടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയണം.

ശിക്ഷിച്ച കേസില്‍ തുടരന്വേഷണത്തിന് നിയമോപദേശവും തേടേണ്ടിവരും. ഒപ്പം മുന്‍പുള്ള അന്വേഷണ സംഘത്തിന് പോരായ്മയുണ്ടെങ്കില്‍ അതും കണ്ടെത്തണം. അതിനായി ഓരോ കേസും പഠിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനായി അന്വേഷണ സംഘം വൈകാതെ യോഗം ചേരുകയും ഡി.വൈ.എസ്.പിമാര്‍ക്ക് ഓരോ ചുമതല നല്‍കുകയും ചെയ്യും.