ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ മാത്രം തീരുമാനമല്ലെന്ന് രമ്യ നമ്പീശന്‍: ‘ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ മാപ്പ് പറഞ്ഞ് തിരികെയെടുക്കണം’

single-img
12 October 2017

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന് നടി രമ്യ നമ്പീശന്‍. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിയും മമ്മൂട്ടിയുമാണെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നടി.

അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത ഏക വനിത അംഗമാണ് രമ്യ. അമ്മയുടെ തീരുമാനങ്ങള്‍ ഒരാള്‍ മാത്രം എടുക്കുന്നതല്ല. അതൊരു കൂട്ടായ തീരുമാനമാണെന്നും ദിലീപിനെ പുറത്താക്കിയതും കൂട്ടായി എടുത്തൊരു തീരുമാനമാണെന്നും രമ്യ പറഞ്ഞു.

പൃഥ്വി, ഞാന്‍ തുടങ്ങി എല്ലാവരില്‍ നിന്നും തീരുമാനം എടുത്ത ശേഷമാണ് അമ്മ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്. തെറ്റുകാരനല്ലെങ്കില്‍ ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെയെടുക്കുമെന്നും രമ്യ നമ്പീശന്‍ പറയുന്നു.

അമ്പത് ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി എന്ന വാര്‍ത്ത തെറ്റാണെന്നും രമ്യ അറിയിച്ചു. വാക്കാല്‍ അങ്ങനെ ഒരു അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീപങ്കാളിത്തം നല്ല രീതിയില്‍ വരണം എന്നാണ് ഇതിന്റെ ലക്ഷ്യം. അവര്‍ ഇത് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും രമ്യ വ്യക്തമാക്കി.

വനിത സംഘടനയുടെ ഭാഗമായതിനാല്‍ മലയാള സിനിമയില്‍ നിന്നു അകന്നു പോയിട്ടുണ്ടോ എന്നെനിക്കറിയില്ലെന്നും മലയാള സിനിമാ മേഖലയിലെ ആരുടെ ഭാഗത്ത് നിന്നും നേരിട്ടൊരു ഭീഷണിയുടെ സ്വരം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

വുമണ്‍ ഇന്‍ കലക്ടീവ് എന്ന ആശയം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന് ഇങ്ങനെ ഒരു ക്രൂര അനുഭവം ഉണ്ടായപ്പോള്‍ അതിന്റെ രൂപീകരണത്തിന്റെ നീക്കങ്ങള്‍ വേഗപ്പെടുത്തി. സിനിമയില്‍ സ്ത്രീകള്‍ക്ക് പേടികൂടാതെ പ്രവൃത്തിയ്ക്കാനാകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും രമ്യ പറഞ്ഞു.