ചാനല്‍ അവതാരകര്‍ക്കെതിരെ ആഞ്ഞടിച്ച് നികേഷ്‌കുമാര്‍: “ഒരാളെ ടാര്‍ജറ്റ് ചെയ്ത് അയാളുടെ ദോഷം മുഴുവന്‍ വിളിച്ചു പറയുക, അതിന് ഏത് ഭാഷയും ഉപയോഗിക്കുക; ഇത് വളരെ അപകടകരമാണ്”

single-img
12 October 2017

ചാനല്‍ അവതാരകര്‍ സ്വയം നിയന്ത്രിക്കണമെന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ എംവി നികേഷ് കുമാര്‍. അവതാരകരെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടായിക്കോട്ടേ. മൊത്തത്തില്‍ ഒരു അഴിച്ചുപണി ആവശ്യമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.

ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇ വാര്‍ത്ത നടത്തിയ പോളിംഗ് ക്യാംപെയിനിലായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.

നികേഷിന്റെ വാക്കുകള്‍ ഇങ്ങനെ:

വാര്‍ത്ത ഗുണമാണോ ദോഷമാണോ എന്നൊക്കെ നോക്കിയാണോ ചെയ്യുന്നത്. അതിന്റെ അനാലിസിസ് ജനങ്ങളെ അറിയിക്കുകയാണ് ചെയ്യുന്നത്. ഇതിനകത്ത് എന്താണ് ഉള്ളത്. വിഷ്വല്‍സ്, ടെക്‌സറ്റ്, അനാലിസിസ്. ഇത് മൂന്നും മാത്രമാണ് ലോകത്ത് എന്നും നിലനില്‍ക്കാന്‍ പോകുന്നത്.

ഇന്ന് അന്തി ചര്‍ച്ചകള്‍ നടത്തുന്നത് ശരിയായ വിഷയമാണോ എന്നതാണ് ചോദ്യമെങ്കില്‍ അതിനകത്ത് ചിലപ്പോള്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. പക്ഷേ അന്തിചര്‍ച്ചകള്‍ എന്നല്ല, അനാലിസിസ് എന്നത് എല്ലാ കാലത്തും നിലനില്‍ക്കാന്‍ പോകുന്ന കണ്ടന്റാണ്.

സീരിയല്‍ കാണാനോ, സിനിമ കാണാനോ, അല്ലെങ്കില്‍ റെക്കോര്‍ഡഡ് ആയിട്ടുള്ള പ്രോഗ്രാം കാണാനോ ഒന്നും ബ്രോഡ്കാസ്റ്റിംഗ് ആവശ്യമില്ല. അത് നമുക്ക് ഇന്റര്‍നെറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്ത് നമുക്ക് സൗകര്യമുള്ള സമയത്ത് കാണാന്‍ കഴിയും.

പക്ഷേ ആക്ച്വല്‍ സംഭവം കാണാന്‍ ബ്രോഡ്കാസ്റ്റിംഗ് ആവശ്യമാണ്. അതിന് ന്യൂസ് ചാനല്‍ ആവശ്യമാണ്. ഇതിന് അനാലിസിസും എപ്പോഴും ആവശ്യമാണ്. അതിനെ അന്തി ചര്‍ച്ചകള്‍ എന്ന് കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാ ആളുകളും ജോലിയൊക്കെ കഴിഞ്ഞ് വൈകുന്നേരമാണ് എത്തുന്നത്.

അതുകൊണ്ടാണ് ആ സമയത്ത് ചര്‍ച്ച വെക്കുന്നത്. കാണുന്ന ആളുകള്‍ തന്നെയാണ് ഇതിനെ വിമര്‍ശിക്കുന്നത്. വിഷയത്തിനെ അധിഷ്ഠിതമായാണ് ചര്‍ച്ച ഗുണമുണ്ടോ എന്ന് നോക്കേണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഞങ്ങളൊക്കെ കേട്ട വിമര്‍ശനമായിരുന്നു.

‘നിങ്ങള്‍ക്ക് എപ്പോഴും സോളാറേ ഉള്ളൂ’. ഇപ്പോള്‍ എന്തായി. ആരാണോ ജുഡീഷ്യല്‍ കമ്മീഷനെ വച്ചത് അയാള്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം വന്നിരിക്കുന്നത്. ആങ്കര്‍മാര്‍ക്ക് തെറ്റുപറ്റാം. എഡിറ്റോറിയലിന് തെറ്റുപറ്റാം. ഇതിലൊക്കെ തിരുത്തലുകള്‍ വേണം.

എപ്പോഴും ചര്‍ച്ചകള്‍ക്ക് ഒരു സ്‌പെയിസുണ്ട്. അവതാരകര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത് നല്ലതാണ്. ഒരാളെ ടാര്‍ജറ്റ് ചെയ്തുകൊണ്ട് അതുവരെയില്ലാത്ത അയാളുടെ ദോഷം മുഴുവന്‍ ക്രൂരമായി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക, അതിനുവേണ്ടി ഏത് ഭാഷയും ഉപയോഗിക്കുക, അത് നല്ലതല്ല.

വിമര്‍ശനങ്ങള്‍ ഉണ്ടായിക്കോട്ടേ. ഇവിടെ മൊത്തത്തില്‍ ഒരു അഴിച്ചുപണി ആവശ്യമാണ്. കാരണം അധികാരത്തിന്റെ ഇടനാഴിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് ചാനലുകളാണ്.

ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന അഞ്ചോ ആറോ പേര്‍ ഉണ്ടാകും. ഇവര്‍ ആളുകളെയൊക്കെ ടാര്‍ജറ്റ് ചെയ്യുന്നത് വളരെ അപകടകരമാണ്. വളരെ കരുതലായി മാത്രമെ മുന്നോട്ടുപോകാന്‍ പറ്റൂ. അവതാരകര്‍ സ്വയം നിയന്ത്രിച്ച് കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ടു പോണമെന്നും നികേഷ് കുമാര്‍ പറഞ്ഞു.

 

 

ചാനല്‍ ചര്‍ച്ചകള്‍ ഒരുതരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നില്ലെന്ന് മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണനും അന്തി ചര്‍ച്ചകള്‍ ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നതല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണും പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളിലെ ചര്‍ച്ചകള്‍ നയിക്കുന്നവരുടെ ബോധമില്ലായ്മയാണ് ഇന്നത്തെ ചര്‍ച്ചകളുടെ നിലവാരം കുറയാന്‍ കാരണമെന്ന് മംഗളം ടെലിവിഷനിലെ ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് പറഞ്ഞിരുന്നു.

അന്തിചര്‍ച്ചകള്‍ അത്യാവശ്യമാണ് എന്ന അഭിപ്രായക്കാരനാണ് താന്‍. അന്തിചര്‍ച്ച എന്ന പേരിനോടും വിയോജിപ്പുണ്ട്. ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളുടെ ചര്‍ച്ചകള്‍ നിലവാരമില്ലാതാകുന്നു. ആ നിലവാരമില്ലായ്മയ്ക്ക് ഉത്തരവാദികള്‍ അവതാരകര്‍ തന്നെയാണ്.

ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളിലെ അവതാരകരുടെ നിലവാരമില്ലായ്മയാണ് ‘അന്തി ചര്‍ച്ചകള്‍’ എന്ന പേര് തന്നെ വരാന്‍ കാരണം. ഇവര്‍ അജണ്ടകള്‍ സെറ്റ് ചെയ്താണ് ചര്‍ച്ചകള്‍ നയിക്കുന്നത് എന്നതാണ് പ്രധാനപ്രശ്‌നം.

അവതാരകന്റെ റോള്‍ എന്തെന്ന് അറിയാത്ത അവതാരകരാണ് ചാനല്‍ ചര്‍ച്ചകളെ ഈ ഗതികേടിലേക്ക് കൊണ്ടെത്തിച്ചത്. അവര്‍ വന്നിരുന്ന് അവര്‍ കേമന്മാരാകാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് സംശയ രൂപേണ വിമശര്‍നം ഉന്നയിക്കാം.

എന്നാല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ഇവര്‍ ആരെയും ഒന്നും പറയാന്‍ സമ്മതിക്കില്ല. കാണുന്നവര്‍ക്ക് എന്ത് വിഷയമാണ് എന്ന് മനസിലാക്കാന്‍ പറ്റില്ല. സിപിഎമ്മുകാരന് പറയാനുള്ളത് സിപിഎമ്മുകാരനെ പറയാന്‍ അനുവദിക്കണം. അതേപോലെ കോണ്‍ഗ്രസുകാരനും ബിജെപിക്കാരനും പറയാനുള്ളത് അവരെ കൊണ്ട് പറയാന്‍ അനുവദിക്കണം.

മറ്റുള്ള അതിഥികള്‍ക്ക് അത് വിലയിരുത്താനും അവസരം നല്‍കണം. ഇങ്ങനെയല്ലങ്കില്‍ വിഷയമെന്തന്ന് ജനങ്ങള്‍ക്ക് നിഷ്പക്ഷമായി മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. അപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നയാള്‍ സ്വാഭാവികമായും വിചാരിക്കും.

ഞങ്ങള്‍ക്ക് ഇതില്‍ നിന്ന് ഒന്നും കിട്ടുന്നില്ല. ഇതെന്താണ് കാണിച്ചു കൂട്ടുന്നത്. അങ്ങനെയുള്ളവരാണ് ഇതിനെ അന്തി ചര്‍ച്ചകള്‍ എന്ന് പരിഹാസരൂപേണ പറയുന്നത്.

ഉച്ചപ്പടം എന്ന് പണ്ട് സിനിമയെ കളിയാക്കയതുപോലെ ചാനല്‍ ചര്‍ച്ചകളെ അന്തി ചര്‍ച്ചകള്‍ എന്ന് കളിയാക്കേണ്ട സാഹചര്യമാണെങ്കില്‍ അതിന് ഉത്തരവാദി ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ അടക്കമുള്ള ചാനലുകളുടെ അവതാരകരാണ്.

അന്തിചര്‍ച്ചകള്‍ അത്യാവശ്യമാണ് എന്ന് താന്‍ പറയാനുള്ള കാരണം ഒരു പ്രധാനപ്പെട്ട വാര്‍ത്തയോട് വിവിധ തലങ്ങളിലുള്ള ആളുകള്‍ക്ക് എന്തൊക്കെയാണ് അഭിപ്രായമെന്ന് അറിയാനുള്ള ഒരേ ഒരു വഴി ഈ തരത്തില്‍ മാത്രമാണ്.

ഇതാണ് അതിന്റെ നല്ലൊരു പ്ലാറ്റ്‌ഫോം. പൊളിറ്റീഷ്യന്‍സിനെ മാത്രം ഉള്‍പ്പെടുത്തിയാണ് ചാനല്‍ ചര്‍ച്ച നടത്തുന്നത്. അതിനുപകരം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് വേണം ചര്‍ച്ച നടത്താന്‍- പ്രദീപ് പറഞ്ഞു.

…………………………..

‘അന്തിചര്‍ച്ചകള്‍ ഗുണകരമല്ലെങ്കില്‍ അത് നിര്‍ത്തുക എന്ന അഭിപ്രായക്കാരനാണ് താന്‍. ചാനല്‍ ചര്‍ച്ചകള്‍ ഒരു തരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നില്ല എന്ന അഭിപ്രായമാണ് എനിക്ക് വ്യക്തിപരമായുള്ളത്. എന്തുകൊണ്ട് വേണു ഇത് തുടരുന്നു എന്ന് ചോദിച്ചാല്‍ അത് എന്റെ തൊഴിലാണ്.

ചര്‍ച്ച ചെയ്യുക എന്നതല്ല എന്റെ തൊഴില്‍. എന്റെ തൊഴില്‍ മാധ്യമ പ്രവര്‍ത്തനമാണ്. അതില്‍ ഒരു പ്രത്യേക ഉത്തരവാദിത്തമാണ് ഇത്. ആ ഉത്തരവാദിത്തം മാറിയാലും മാധ്യമ പ്രവര്‍ത്തനത്തിന് ഒരു തടസ്സവുമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയും. എന്നെ സംബന്ധിച്ച് ഇത് ഒരു അത്യാവശ്യകാര്യമല്ല’ വേണു പറഞ്ഞു.

………………………………

‘ഞാനെന്തു പറയാനാ… വേണ്ടങ്കില്‍ വേണ്ട…. അത്രയല്ലേയുള്ളൂ കാര്യം.. ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നില്ലല്ലോ’.. ഇത്രയും പറഞ്ഞ് വിനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ഇ വാര്‍ത്ത നടത്തിയ പോളിംഗ് ക്യാംപെയിനില്‍ അന്തി ചര്‍ച്ചകള്‍ സമൂഹത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നും അന്തി ചര്‍ച്ചകള്‍ നിര്‍ത്താറായെന്നും 80 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു.