നെടുമങ്ങാട് ഇന്ത്യന്‍ ഓയില്‍ പമ്പില്‍ പെട്രോളിന് പകരം അടിച്ചത് പച്ചവെള്ളം; നൂറുകണക്കിന് വാഹനങ്ങള്‍ കേടായി വഴിയില്‍ കുടുങ്ങി

single-img
12 October 2017


തിരുവനന്തപുരം നെടുമങ്ങാട് പതിനൊന്നാം കല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പമ്പില്‍ പെട്രോളിന് പകരം അടിച്ചത് പച്ചവെള്ളം. രാവിലെ ഇവിടെ നിന്ന് പെട്രോള്‍ അടിച്ച വാഹനങ്ങള്‍ എല്ലാം വഴിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്രോളിന് പകരം പച്ചവെള്ളമാണ് ഇന്ധന ടാങ്കില്‍ ഉള്ളതെന്ന് മനസിലായത്.

പ്രതിഷേധവുമായി ബൈക്ക് യാത്രക്കാര്‍ എത്തിയതോടെ സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു പമ്പ് അധികൃതരുടെ നീക്കം. പരാതിയുമായി എത്തിയ നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് പണം നല്‍കി ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ മടക്കി അയച്ചു.

എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് എത്തിയതോടെ സംഭവം കൈവിട്ടുപോയി. ഓട്ടോഡ്രൈവര്‍മാര്‍ കുപ്പികളില്‍ പെട്രോള്‍ വാങ്ങി പരിശോധിച്ചപ്പോള്‍ പച്ചവെള്ളം തന്നെയാണ് ലഭിച്ചത്.

ഇതോടെ കബളിപ്പിക്കപ്പെട്ട കൂടുതല്‍ ആളുകളെത്തുകയും പമ്പ് ജീവനക്കാരുമായി വാക്കേറ്റവുമായി. ഇതിനിടെ നടത്തിപ്പുകാര്‍ സംഭവം അറിഞ്ഞെത്തി ആദ്യം നിഷേധിച്ചെങ്കിലും വിഷയം വഷളാകുമെന്നു കണ്ടതോടെ പ്രശ്‌ന പരിഹാരത്തിന് എന്തുവേണണെങ്കിലും ചെയ്യാമെന്നും പറഞ്ഞു.

എന്നാല്‍ നാട്ടുകാര്‍ സംഭവം പോലീസിനെ അറിയിക്കുകയും പമ്പ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.

നേരത്തെയും ഈ പമ്പിനെതിരെ മായം ചേര്‍ത്താണ് പെട്രോള്‍ നല്‍കുന്നത് എന്ന നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്നെല്ലാം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രക്ഷപ്പെടുകയായിരുന്നു.

റോഡ് കയ്യേറിയാണ് പമ്പിന്റെ ഇന്റീരിയല്‍ ഡെക്രേഷന്‍ ചെയ്തിരിക്കുന്നതെന്നും ഇതിനിടെ നാട്ടുകാര്‍ ആരോപിച്ചു. ഇറിഗേഷന്‍ തോട് നികത്തിയാണ് ഇവര്‍ ഇന്റര്‍ലോക്ക് ചെയ്തിരിക്കുന്നത്.

ഇതു കാരണം നെടുമങ്ങാടുള്ള മാലിന്യം മുഴുവന്‍ സമീപത്തായി കെട്ടിക്കിടക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും നെടുമങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കെജെ ബിനു പറഞ്ഞു.