പുതുമുഖങ്ങള്‍ വരണമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു; 60 വയസ് കഴിഞ്ഞവരെ ഉള്‍പ്പെടുത്തി കെപിസിസിയും: വനിതകളും യുവാക്കളും പേരിനു മാത്രമായി കെപിസിസി ഭാരവാഹിപ്പട്ടിക

single-img
12 October 2017

പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിന് സമര്‍പ്പിച്ച കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തായി. യുവാക്കളെയും വനിതകളെയും പേരിന് മാത്രം ഉള്‍പ്പെടുത്തി ഗ്രൂപ്പ് വീതം വയ്പ്പിലൂടെ 282 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിപുലമായി തയ്യാറാക്കിയിരിക്കുന്ന പട്ടികയില്‍ പക്ഷേ, പുതുമുഖങ്ങള്‍ പത്ത് പേരാണ്. ഇവരാകട്ടെ 60 വയസ് കഴിഞ്ഞവരും. വനിതാ പ്രാതിനിധ്യം 18 ശതമാനം മാത്രം. കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, എന്‍ ശക്തന്‍, എഎ ഷുക്കൂര്‍, ബാബു പ്രസാദ്, വിജെ പൗലോസ് എന്നിവര്‍ പുതുമുഖങ്ങളുടെ പട്ടികയില്‍ ഇടംനേടി. അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വക്കം പുരുഷോത്തമന്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പാണ് സംസ്ഥാനത്ത് നടന്നതെന്ന പരാതി ഇപ്പോള്‍ തന്നെ ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. എ ഗ്രൂപ്പിനാണ് പട്ടികയില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിനേക്കാള്‍ 22 പേരെ അധികം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

എംപിമാര്‍ നിര്‍ദ്ദേശിച്ച ചില പേരുകള്‍ സംസ്ഥാന നേതൃത്വം വെട്ടിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. യുവാക്കളെയും വനിതകളെയും അവഗണിച്ച കെപിസിസി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പട്ടികയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. രാഹുലിനെ കാണാന്‍ അദ്ദേഹം സമയം തേടി. ഗുജറാത്തില്‍ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന രാഹുല്‍ കേരളത്തിന്റെ വിഷയങ്ങള്‍ പരിശോധിച്ചേക്കും.

കെപിസിസി പട്ടിക സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പട്ടിക സംബന്ധിച്ച് സമവായത്തിലെത്താന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചിരുന്നില്ല.

നിരവധി തവണ സമയം നീട്ടിനല്‍കിയിട്ടും സമവായമുണ്ടാക്കാന്‍ കഴിയാഞ്ഞതില്‍ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. തങ്ങളുമായി കൂടിയാലോചിക്കാതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന ആരോപണവുമായി ചില എംപിമാര്‍ രംഗത്തെത്തിയിരുന്നു.