Sports

കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ ന്യൂസീലന്‍ഡ് ട്വന്റി 20 മത്സരം: ടിക്കറ്റ് വില്‍പന 16 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഒക്ടോബര്‍ 16 ന് ആരംഭിക്കും. 29 വരെയാണ് വില്‍പന.

വിദ്യാര്‍ഥികള്‍ക്ക് 350 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. അപ്പര്‍ ടൈര്‍ ടിക്കറ്റുകളുടെ നിരക്ക് 700 രൂപ. ലോവര്‍ ടൈര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപ എന്നീ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

പ്രീമിയം ടിക്കറ്റുകള്‍ 2000 രൂപ നല്‍കി വാങ്ങാവുന്നതാണ്. ടിക്കറ്റിന് ഇളവ് ലഭിക്കുന്നതിനായി സ്‌കൂള്‍, കോളേജ് അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം. മത്സരദിവസം പ്രവേശന കവാടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം.

ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിനു വൈകുന്നേരം നാല് മുതലാവും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനാനുമതി. ഫെഡറല്‍ ബാങ്കിന്റെയും (www.federalbank.co.in) കേരള ക്രിക്കറ്റ് അസോസിയേഷന്റെയും (www.keralacricketassociation.com) വെബ്‌സൈറ്റ് വഴി ടിക്കറ്റ് ലഭിക്കും.

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നവംബര്‍ അഞ്ച് മുതല്‍ വഴുതക്കാട്ടുള്ള ഫെഡറല്‍ ബാങ്ക് കോട്ടണ്‍ഹില്‍ ശാഖയിലോ സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലുള്ള (കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിന് മുന്‍വശം) പ്രത്യേക ടിക്കറ്റ് കൗണ്ടറിലൂടെയോ ഒറിജിനല്‍ ടിക്കറ്റുകളാക്കി മാറ്റണം.

ഫെഡറല്‍ ബാങ്കിന്റെ 41 തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ 30 മുതല്‍ ടിക്കറ്റ് ലഭിക്കും. നവംബര്‍ ഏഴിനാണ് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡ് മല്‍സരം.

കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെ സുരക്ഷാസംവിധാനങ്ങള്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിലയിരുത്തിയിരുന്നു.