ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി, വെറുതെവിട്ടു

single-img
12 October 2017

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ വധക്കേസില്‍ രക്ഷിതാക്കളായ രാജേഷ് തല്‍വാറും നുപുല്‍ തല്‍വാറും കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ ആരുഷിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് കോടതിയുടെ വിധി.

മാതാപിതാക്കള്‍ മകളെ കൊന്നിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സംശയത്തിന്റെ പേരിലാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നതെന്നും സംശയത്തിന്റെ പേരില്‍ ആരേയും ശിക്ഷിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ബി.ജെ നാരായണ, ജസ്റ്റീസ് എ.കെ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

നോയിഡയില്‍ 2008 മെയിലാണ് പതിനാലു വയസ്സുകാരി ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതവും കഴുത്ത് ഞെരിച്ച പാടുകളും മൃതദേഹത്തില്‍ കാണപ്പെട്ടു. സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ കൊലപാതകത്തിന് ശേഷം കാണാതായ വീട്ടുജോലിക്കാരന്‍ ഹേംരാജിനെയായിരുന്നു സംശയിച്ചത്.

എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ പഴകിയ മൃതദേഹം ടെറസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കേസില്‍ പോലീസിന്റെ അന്വേഷണത്തിനെതിരെ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യു.പി. സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടു.

തല്‍വാര്‍ ദമ്പതികളാണ് സ്വന്തം മകളേയും വേലക്കാരനേയും കൊന്നതെന്ന് കണ്ടെത്തിയ സിബിഐ ഇരുവരേയും പ്രതികളാക്കി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണയ്‌ക്കൊടുവില്‍ 2013 നവംബര്‍ 26നാണ് പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചത്.

എന്നാല്‍ സിബിഐ കോടതി വിധിക്കെതിരെ ഇരുവരും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ വെറുതെ വിട്ട അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും എന്നാണ് വിവരം.

അതേസമയം ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ആരുഷിയുടെ മുത്തച്ഛന്‍ പ്രതികരിച്ചു. ആരുഷിയുടെ മരണത്തിന് വലിയ പ്രതിസന്ധികളിലൂടെയാണ് ഞങ്ങള്‍ക്ക് കടന്നു പോവേണ്ടി വന്നത്. അവര്‍ നിരപരാധികളാണെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.