‘കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നു’; സൗദിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ച് യുവതി: സഹായഹസ്തവുമായി സുഷമ സ്വരാജ്

single-img
11 October 2017

ന്യൂഡല്‍ഹി: സൗദിയില്‍ തൊഴില്‍ പീഡനത്തിനിരയായി കുടുങ്ങി കിടക്കുന്ന യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പഞ്ചാബ് സ്വദേശിനിക്കാണ് സഹായഹസ്തവുമായി സുഷമാ സ്വരാജ് എത്തിയത്.

സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ അഭ്യര്‍ഥനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതേ തുടര്‍ന്ന് യുവതിയുടെ വാര്‍ത്തയറിഞ്ഞ സുഷമാ സ്വരാജ് റിയാദിലെ ഇന്ത്യന്‍ എംബസിയോട് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുഷമ ട്വീറ്റും ചെയ്തു.

യുവതി വീഡിയോയിലൂടെ സഹായാഭ്യര്‍ഥന നടത്തുന്ന വാര്‍ത്ത ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുയാണെന്നും തൊഴിലുടമകളുടെ കൊടിയ പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും ഇരയാകുകയാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.

പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എം.പിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. വെസ്റ്റ് റിയാദില്‍ നിന്നു 200 കിലോമീറ്റര്‍ അകലെയുള്ള ദവാദ്മിയിലാണ് യുവതിയുള്ളത്.

വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് താനെന്നും കഴിഞ്ഞവര്‍ഷമാണ് സൗദി അറേബ്യയിലെത്തിയതെന്നും യുവതി പറയുന്നുണ്ട്. ഭഗവന്ത് സാര്‍ എന്നെ ദയവായി സഹായിക്കു. ഞാന്‍ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്. ഹോഷിയാര്‍പുറിലെ പെണ്‍കുട്ടിയെ നിങ്ങള്‍ രക്ഷിച്ചില്ലേ? എന്നെയും രക്ഷിക്കൂയെന്നും യുവതി വീഡിയോയില്‍ പറയുന്നു.

പലദിവസങ്ങളിലും എനിക്ക് ഭക്ഷണം പോലും ലഭിച്ചിട്ടില്ല. ശാരീരികമായി എന്നെ ഉപദ്രവിക്കുന്നുണ്ട്. എന്നെ അവര്‍ ഒരു മുറിയില്‍ പൂട്ടിയിട്ടു. താന്‍ കൊല്ലപ്പെടുമോ എന്ന് ഭയക്കുന്നെന്നും യുവതി പറയുന്നുണ്ട്.

താന്‍ വിവാഹിതയാണെന്നും രണ്ടുകുഞ്ഞുങ്ങളുടെ അമ്മയാണെന്നും പറയുന്ന യുവതി എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ പറയുന്നില്ല. അതേസമയം വിഷയത്തില്‍ എം.പി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.