താന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് തെളിഞ്ഞെന്ന് സരിത എസ് നായര്‍: ‘ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തതില്‍ വളരെയധികം സന്തോഷം’

single-img
11 October 2017

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷിക്കുന്നതില്‍ വളെരയധികം സന്തോഷമെന്ന് സരിത എസ്. നായര്‍. താന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് മുമ്പാകെ തെളിഞ്ഞിരിക്കുന്നു.

മുഖ്യമന്ത്രി വളരെ വ്യത്യസ്തമായി ഇക്കാര്യങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചു. സത്യം തെളിഞ്ഞതില്‍ സന്തോഷം. അന്വേഷണത്തോട് സഹകരിക്കുമെന്നും സരിത പറഞ്ഞു.

കേരളാ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കെയാണ് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടത്.

സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളെ കബിളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും സോളര്‍ തട്ടിപ്പുക്കേസില്‍ ഉത്തരവാദികളാണ്.

ഉമ്മന്‍ ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഉമ്മന്‍ ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനെയും സരിതയില്‍നിന്നു കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം മുഖേന പഴ്‌സനല്‍ സ്റ്റാഫും ടീം സോളറിനെയും സരിതാ എസ് നായരെയും സഹായിച്ചു.

അന്നത്തെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും കേസെടുക്കും. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹ്‌നാനും തമ്പാനൂര്‍ രവിക്കുമെതിരെയും കേസെടുക്കും. സരിതയുടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഐജി പദ്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ പൊലീസ് അസോ. മുന്‍ ഭാരവാഹി ജി.ആര്‍.അജിത്തിത് എന്നിവര്‍ക്കെതിരെയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനം. സോളാര്‍ റിപ്പോര്‍ട്ട് ആറു മാസത്തിനകം നിയമസഭയില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശങ്ങളെപ്പറ്റിയുമുള്ള നിയമോപദേശമാണ് നല്‍കിയിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഇവ നിയമസഭയില്‍ സമര്‍പ്പിക്കും. പൊലീസ്, ജയില്‍ സംവിധാനം പരിഷ്‌കരിക്കാന്‍ പ്രത്യേക കമ്മിഷനായി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെ നിയമിക്കാനും തീരുമാനമുണ്ട്.