പൃഥ്വിരാജിനെതിരെ പാളയത്തില്‍ പട: പൃഥ്വി ചിത്രങ്ങള്‍ അട്ടിമറിക്കാന്‍ നിഗൂഢ നീക്കങ്ങള്‍?

single-img
11 October 2017

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് ജയില്‍ മോചിതനായതോട നടന്‍ പൃഥ്വിരാജിനെ ഒതുക്കാന്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ പരാജയപ്പെടുന്ന സിനിമകളിലെ നായക നടനെന്ന് വിശേഷിപ്പിക്കാനും അദ്ദേഹം കരാര്‍ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍ അട്ടിമറിക്കാനുമുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത് എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതു വഴി പൂര്‍ണമായും പൃഥ്വിയെ സിനിമയില്‍ നിന്നും ഔട്ടാക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. താരസംഘടനയായ അമ്മയെ പിളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടന്ന നടന്‍ മുകേഷിന്റെ വിവാദ പ്രസ്താവനയും ചെന്നെത്തി നില്‍ക്കുന്നത് പൃഥ്വിരാജിലേക്ക് തന്നെയാണ്.

അമ്മയില്‍ നിന്നും സിനിമയില്‍ നിന്നും പൃഥ്വിയെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളോടൊന്നും തന്നെ താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന ദൃഢനിശ്ചയത്തിലാണ് താരം.

ദിലീപ് പുറത്തിറങ്ങിയ ഉടനെയാണ് പൃഥ്വിക്കെതിരായ നീക്കങ്ങള്‍ ശക്തമായത്. ദിലീപിനെ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ മമ്മൂട്ടിക്കൊപ്പം നിന്ന് കളിച്ചത് പൃഥ്വിയാണ്. ഇതു തന്നെയാണ് മമ്മൂട്ടിയോടുള്ള ദിലീപിന്റെ പകയുടെ കാരണവും.

എന്നാല്‍ ഇതേ യോഗത്തില്‍ മോഹന്‍ലാല്‍ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം സാങ്കേതിക വിദഗ്ദ്ധര്‍ സാധാരണ സിനിമയിലെ വിവാദക്കാരെ സ്വന്തം ചിത്രങ്ങളുമായി സഹകരിപ്പിക്കാറില്ല. വിവാദ നായകന്‍മാരെ അഭിനയിപ്പിച്ചാല്‍ ചിത്രവുമായി സഹകരിക്കാന്‍ മുതിര്‍ന്ന താരങ്ങളും സാങ്കേതിക വിദഗ്ദരും തയാറാകാത്തതാണു ഇതിനു കാരണം.

ചുരുക്കത്തില്‍ മലയാള സിനിമ രണ്ട് തട്ടായി തിരിഞ്ഞിരിക്കുകയാണ്. രണ്ടു പേരും രണ്ട് ഗ്രുപ്പായി നിന്ന് പോര്‍വിളിക്കുന്നു. തന്റെ പുതിയ ചിത്രമായ ആദം ജോണിനെ തോല്‍പ്പിക്കാന്‍ നിഗൂഢമായ ശ്രമം നടന്നുവെന്നും തന്റെ നിലപാടുകളില്‍ നിന്നും പിന്‍മാറില്ലെന്നും താരം പറയുന്നു.

അമ്മയുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കാനും താരം തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൃഥ്വിക്ക് സംഘടനയില്‍ കിട്ടുന്ന പിന്തുണയെത്രമാത്രമാകുമെന്ന് കണ്ടറിയാം.