കുമ്മനത്തിന്റെ ജനരക്ഷായാത്രയ്ക്ക് ആളെക്കൂട്ടാന്‍ ചെപ്പടി വിദ്യകളുമായി ബിജെപി നേതാക്കള്‍: ‘മുദ്രാവായ്പ’ പദ്ധതിയിലെ അപേക്ഷകള്‍ ജാഥയില്‍ സ്വീകരിക്കും!

single-img
11 October 2017

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പ്രതീക്ഷിച്ച ജനപങ്കാളിത്തമില്ലെന്ന വിമര്‍ശനം തുടക്കം മുതല്‍തന്നെ ഉയര്‍ന്നിരുന്നു. ഇതുകൊണ്ടാണ് അമിത് ഷാ യാത്രക്കിടയില്‍ ഡെല്‍ഹിക്ക് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിനിടയിലാണ് കുമ്മനത്തിനും കൂട്ടര്‍ക്കും നാണക്കേടുണ്ടാക്കി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള മുദ്രാവായ്പ പദ്ധതിയിലെ അപേക്ഷകള്‍ ജാഥയില്‍ സ്വീകരിക്കുമെന്ന് പ്രചരിപ്പിച്ച് ആളുകളെ ജാഥയില്‍ പങ്കെടുപ്പിക്കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ജാഥയില്‍ പങ്കെടുക്കുന്നവരുടെ അപേക്ഷകള്‍ മുദ്രാവായ്പ പദ്ധതിയിലേക്ക് സ്വീകരിക്കുമെന്നും അല്ലാത്തവര്‍ക്ക് വായ്പ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി ആളുകളെ പങ്കെടുപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന നിര്‍മ്മാണ പദ്ധതിയിലെ ധനസഹായ അപേക്ഷകരെയും ജാഥയില്‍ എത്തിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്‍കുന്ന വായ്പയാണ് മുദ്രാവായ്പ. ബാങ്കുകളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നല്‍കേണ്ട അപേക്ഷയാണ് റാലിയില്‍ ബി.ജെ.പി ശേഖരിക്കുന്നത്. മംഗളമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.