വരും വര്‍ഷങ്ങളില്‍ വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്ന് പഠനം

single-img
11 October 2017

വരും വര്‍ഷങ്ങളില്‍ വിമാനയാത്രകള്‍ പേടി സ്വപ്‌നമാകുമെന്ന് റിപ്പോര്‍ട്ട്. ആകാശത്തുവെച്ച് വിമാനങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുലുക്കം 2050 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് പഠനം. ഇതുമാത്രമല്ല, കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധനയും സുഖകരമല്ലാത്ത അനുഭവങ്ങളായിരിക്കും സമ്മാനിക്കുകയെന്നും പഠനത്തില്‍ പറയുന്നു.

അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കി മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുക മാത്രമാണ് ഇതിനു പ്രതിവിധി. റീഡിംങ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2050-80 കാലമാകുമ്പോഴേക്കും നിലവിലെ സാങ്കേതിക വിദ്യയില്‍ മുന്നോട്ടുപോയാല്‍ വിമാനയാത്രയിലെ കുലുക്കങ്ങള്‍ പേടിപ്പിക്കും വിധം വര്‍ധിക്കുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

യൂറോപ്പിനും അത്‌ലാന്റ്റിക് സമുദ്രത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരിക. യൂറോപ്പിലെ ആകാശ കുലുക്കം 2050 ആകുമ്പോഴേക്കും 160 ശതമാനവും അത്‌ലാറ്റിക് സമുദ്രത്തിന് മുകളിലെ ആകാശപാതകളിലെ കുലുക്കം 180 ശതമാനവുമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കണക്കനുസരിച്ച് കുറഞ്ഞത് വിമാനയാത്രകളിലെ പരിക്കുകള്‍ ഈ വര്‍ഷമാകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. രാജ്യാന്തരതലത്തല്‍ തന്നെ ആകാശ കുലുക്കം വര്‍ധിക്കുകയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. പോള്‍ വില്യംസ് പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം കൂടി കൂടുതല്‍ രൂക്ഷമാകുന്നതോടെ ഈ പ്രശ്‌നം കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകും. ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണ് ഏക രക്ഷാമാര്‍ഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തെളിഞ്ഞ ആകാശത്തിലും ആകാശ കുലുക്കങ്ങള്‍ സംഭവിക്കാറുണ്ട്. ഇത് clear-air turbulence (CAT) എന്നാണ് അറിയപ്പെടുന്നത്.

ഇത്തരം കുലുക്കങ്ങള്‍ക്ക് കാരണമാകുന്നവയെ റഡാറുകളില്‍ കാണാനാകില്ലെന്നതും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു. തെളിഞ്ഞ അന്തരീക്ഷത്തിലൂടെ പോകുന്ന വിമാനത്തില്‍ CAT മൂലമുണ്ടാകുന്ന കുലുക്കങ്ങള്‍ക്ക് യാത്രികരെ സീറ്റുകളില്‍ നിന്നും തെറിപ്പിക്കാനും ലഗേജുകള്‍ താഴെയിടാനും മാത്രം ശേഷിയുണ്ടാകും. തെളിഞ്ഞ ആകാശത്തുണ്ടാകുന്ന അപ്രതീക്ഷിത കുലുക്കങ്ങളായിരിക്കും ഇനി വര്‍ധിക്കുകയെന്നും മുന്നറിയിപ്പുണ്ട്. ഇതിന് പിന്നില്‍ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് കാരണം.