ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചാരണം നടത്തിയ ആളെ കൊച്ചിയില്‍ നിന്ന് പോലീസ് പിടികൂടി

single-img
11 October 2017

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചരണം നടത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. കൊല്‍ക്കത്ത സ്വദേശി സുബൈര്‍ ആണ് പിടിയിലായത്. ബംഗാളിയായ ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് ഇയാള്‍ ഹോട്ടലുകളില്‍ ചെന്ന് പറഞ്ഞിരുന്നു.

പക്ഷേ, കുറ്റകരമായ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സുബൈറിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് വിട്ടയക്കുകയായിരുന്നു. കലൂര്‍ സ്റ്റേഡിയത്തിന് സമീപം മലയാളികള്‍ ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് കണ്ടുവെന്നായിരുന്നു സുബൈര്‍ നഗരത്തിലെ ഹോട്ടല്‍ തൊഴിലാളികളോട് പറഞ്ഞത്.

ജീവന്‍ വേണമെങ്കില്‍ ഉടന്‍ നാട്ടിലേക്ക് പോകാനും ഇയാള്‍ ഇതരസംസ്ഥാന തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. സുബൈറിന്റെ പ്രചാരണത്തില്‍ സംശയം തോന്നിയ ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്‍ ഇയാളെ തടഞ്ഞു വിശദവിവരം ചോദിക്കുകയായിരുന്നു. അപ്പോഴാണ് കള്ളം പുറത്തായത്.

എറണാകുളം സൗത്തിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ് സുബൈറിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. തമാശയ്ക്ക് വേണ്ടി പറഞ്ഞതാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു ഇത്തരം പ്രചാരണമെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.

പ്രചാരണം ശക്തിപ്പെട്ടതോടെ നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളം വിട്ടിരുന്നു. 40 ശതമാനത്തോളം തൊഴിലാളികള്‍ മടങ്ങിയതായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. വ്യാജ പ്രചാരണത്തിനെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നുണപ്രചാരണത്തിന് ഉപയോഗിക്കുന്ന വീഡിയോ ക്ലിപ്പുകളുടെ ഉറവിടം കണ്ടെത്തി നടപടിയെടുക്കണമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.