ഉത്തര്‍പ്രദേശില്‍ വിഷവാതകം ശ്വസിച്ച് മുന്നൂറോളം കുട്ടികള്‍ ആശുപത്രിയില്‍

single-img
10 October 2017

വിഷവാതക ചോര്‍ച്ചയെ തുടര്‍ന്നു ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ സരസ്വതി ശിശു മന്ദിര്‍ പബ്ലിക് സ്‌കൂളിലെ മുന്നൂറോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ചില കുട്ടികള്‍ക്ക് കണ്ണില്‍ നീറ്റലും മറ്റ് ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു.

ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും അടക്കമുള്ളവര്‍ സ്‌കൂളില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, കുട്ടികളില്‍ ആരുടേയും നില ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ പഞ്ചസാര ഫാക്ടറി അധികൃതര്‍ പൂട്ടി സീല്‍ പതിപ്പിച്ചു.

അന്വേഷണം ആരംഭിച്ചതായി മീററ്റ് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. സ്ഥാപനത്തില്‍ മുന്‍പ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത ആശുപത്രികളില്‍ കുട്ടികള്‍ ചികിത്സയിലാണെന്നും ആരുടേയും നില ഗുരുതരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.