“കുഞ്ഞിന്റെ കാലില്‍ ചായവീണ് പൊള്ളിയ പരുക്ക്; ഒന്നരവയസ്സായ കുഞ്ഞ് പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ നടക്കുന്നത് എങ്ങനെ?”: വാര്‍ത്തകള്‍ തള്ളി പിതാവ് റിയാസ്

single-img
10 October 2017

പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച റാലിയില്‍ തന്റെ കുഞ്ഞിനെ കാല് പൊട്ടിയിട്ടും നടത്തിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പിതാവ് റിയാസ് ഇ വാര്‍ത്തയോട് പറഞ്ഞു.

താന്‍ കുഞ്ഞിനെ റാലിയില്‍ പങ്കെടുപ്പിച്ചിട്ടില്ല. റാലിയില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ ഏലാത്ത് വച്ച് തന്റെ കുഞ്ഞിന്റെ കാലില്‍ ചായവീണ് പൊള്ളിയാണ് പരുക്കേറ്റത്.

ഉറക്കത്തിലായിരുന്ന കുഞ്ഞ് പെട്ടന്ന് എണീറ്റപ്പോള്‍ ചൂട്ചായ വീഴുകയും വെപ്രാളപ്പെട്ട് സോക്‌സ് ഊരിയപ്പോള്‍ കാലിലെ തൊലി പോവുകയുമായിരുന്നുവെന്നും റിയാസ് പറയുന്നു.

ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു. ഇതിനു ശേഷം കുഞ്ഞിനെയും ഭാര്യയെയും മെഡിക്കല്‍ ക്യാമ്പിലേക്ക് അയക്കുകയും ചെയ്ത ശേഷമാണ് താന്‍ റാലിയില്‍ പങ്കെടുത്തത്. അതല്ലാതെ വാര്‍ത്തകള്‍ പ്രചരിക്കുന്നതു പോലെ കുഞ്ഞിനെ റാലിയില്‍ പങ്കെടുപ്പിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു

തന്റെ കുഞ്ഞിന് ഒന്നര വയസ് മാത്രമെ പ്രായമുള്ളൂവെന്നും പിന്നെയെങ്ങനെയാണ് റാലിക്ക് നടത്തിക്കുക എന്നും റിയാസ് ചോദിച്ചു. റാലി കഴിഞ്ഞ് വന്ന ശേഷം ഫേയ്‌സ്ബുക്കില്‍ ആവേശത്തോട് ഇക്കാര്യങ്ങള്‍ പറയുകയായിരുന്നു. എന്നാല്‍ ചിലയാളുകള്‍ ഇതിനെ മതപരമായും വര്‍ഗീയമായും ചിത്രീകരിച്ചു.

തന്റെ ചില സുഹൃത്തുക്കള്‍ ഗള്‍ഫില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ഡിലേറ്റ് ചെയ്യുകയായിരുന്നുവെന്നും റിയാസ് ഇ വാര്‍ത്തയോട് പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ പരിപാടിക്കിടെയില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്നായിരുന്നു ആരോപണം. റാലിയില്‍ കിലോമീറ്ററുകളോളം നടന്ന കുഞ്ഞിന്റെ ഇരുകാലുകളും പൊള്ളി വൃണമായി എന്ന് പറഞ്ഞ് പിഞ്ച് കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കുട്ടിയുടെ പിതാവ് റിയാസ് എസ് എസ്ഡിപിഐ കേരളം എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ കുഞ്ഞിന്റെ മുറിവുകളുടെ ചിത്രം പോസ്റ്റ് ചെയ്തത് വൈറലാകുകയായിരുന്നു.