മതംമാറി വിവാഹം കഴിക്കുന്നത് ലൗ ജിഹാദല്ലെന്ന് ഹൈക്കോടതി: യോഗ സെന്ററില്‍ പീഡനത്തിനിരയായ ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു

single-img
10 October 2017

കൊച്ചി: മറ്റു മതസ്ഥനെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദല്ലെന്ന് ഹൈക്കോടതി. എറണാകുളം കണ്ടനാട്ടെ വിവാദ യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ ഹേബിയസ് കോര്‍പസ് കേസുകളും സെന്‍സേഷനലൈസ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

യോഗ കേന്ദ്രത്തിനെതിരെ ശ്രുതി എന്ന യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. മതപരിവര്‍ത്തനത്തിലൂടെയോ മറ്റ് മതസ്ഥനെ വിവാഹം കഴിക്കുന്നതിനെയോ ജിഹാദ് എന്നോ ഘര്‍വാപ്പസി എന്നോ വിളിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

അനീസ് എന്ന യുവാവുമായി വിവാഹം നടന്നതിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രുതിക്ക് അനീസിനൊപ്പം പോകാന്‍ കോടതി അനുവാദവും നല്‍കി. അതേസമയം ഹര്‍ജികള്‍ തീര്‍പ്പാക്കാതിരുന്ന ഹൈക്കോടതി പിന്നീട് വിശദ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി.

ശ്രുതി തന്റെ ഭാര്യയാണെന്നും പയ്യന്നൂര്‍ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ അന്യായ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ് ഹമീദ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.

2011-14 കാലഘട്ടത്തില്‍ ബിരുദ പഠനകാലത്ത് തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിച്ചതായും ഹര്‍ജിയില്‍ പറയുന്നു.

ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം. തങ്ങള്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി പൊലീസ് സഹായം അനുവദിക്കുകയും ചെയ്തിരുന്നു.

വിവാഹ ശേഷം ഹരിയാനയില്‍ താമസിച്ചു വരുമ്പോള്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് സി.ഐയുടെ നേതൃത്വത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്തുവെന്നും, മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നോടൊപ്പം പോകണമെന്നായിരുന്നു യുവതി പറഞ്ഞത്.

സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. എന്നാല്‍, കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കോടതി തിരച്ചില്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ആരോപണ വിധേയനായ സി. ഐ തന്നെയാണ് തെരച്ചില്‍ നടത്തിയത്. കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ തടവില്‍ വെച്ചിരിക്കുകയാണ്.

ഭക്ഷണം പോലും നിഷേധിച്ച് പീഡിപ്പിക്കുന്നു. ഇനിയും ഇതിന് അനുവദിച്ചാല്‍ തനിക്ക് ഭാര്യയെ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനീസ് ഹര്‍ജി നല്‍കിയത്.