കുമ്മനത്തെ വര്‍ഗീയവാദിയാക്കി സോഷ്യല്‍ മീഡിയ: പൊങ്കാലയിട്ട് ട്രോളന്മാരും

single-img
10 October 2017

ജനരക്ഷായാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിവാദ പ്രസ്താവന നടത്തിയത്. 1921 ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നായിരുന്നു പരാമര്‍ശം

ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണമെന്നും ഒന്നുമില്ലെങ്കില്‍ 1921 എന്ന സിനിമയെങ്കിലും കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു പലരും രംഗത്തെത്തിയത്.

ഇത്രയേറെ വിഷവുമായിട്ടാണല്ലേ താങ്കള്‍ കേരളത്തില്‍ ജീവിക്കുന്നതെന്നും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഒരു വിഷയത്തെക്കുറിച്ചും നിങ്ങള്‍ സംസാരിക്കേണ്ട എന്ന കമന്റുകളുമായും പലരും രംഗത്തെത്തി.

‘ചിലപ്പോ സത്യമായിരിക്കും.. നിങ്ങള് ഉപ്പ് സത്യാഗ്രഹത്തിലൊക്കെ പങ്കെടുത്ത ആളല്ലേ…. നിങ്ങളെ അത്രക്ക് ബുദ്ധിയും ഓര്‍മ്മയും വേറെ ആര്‍ക്കാ ഉള്ളത്.’ തുടങ്ങിയ പരിഹാസങ്ങളും കുമ്മനത്തിന്റെ പോസ്റ്റിനു കീഴിലുണ്ട്.

1921 ലെ മലബാര്‍ ലഹള ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതുമെന്ന് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇഎംഎസിന്റെ കുടുംബം ഉള്‍പ്പടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ട്.

ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണ്. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടത്.

ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്‍മാരും സര്‍ക്കാരും തയ്യാറാകണം. 2019 ല്‍ ഖിലാഫത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.